Site iconSite icon Janayugom Online

വ്യവസായ രംഗത്ത് കുതിപ്പ്; 9.32 ലക്ഷം സംരംഭങ്ങള്‍ വര്‍ധിപ്പിച്ചു, വ്യവസായം-ധാതുക്കള്‍ മേഖലയ്ക്ക് 1973.5 കോടി

സംസ്ഥാനത്തെ വ്യവസായ രംഗത്തെ കുതിപ്പിന് ആക്കം കൂട്ടുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. 1417.26 കോടി രൂപയാണ് വ്യവസായ മേഖലയ്ക്കുള്ള ആകെ വിഹിതം. ഇത് മുൻ വർഷത്തെ വിഹിതത്തെക്കാൾ 122.54 കോടി രൂപ അധികമാണ്. വ്യവസായവും ധാതുക്കളും എന്ന മേഖലയ്ക്കായി ആകെ 1,973.51 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി നടപ്പിലാക്കിയ സംരംഭകവർഷം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം 3.82 ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. ഇത് വഴി 25,227.53 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുവാനും 8.16 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ ഉറപ്പ് വരുത്താനും സാധിച്ചു.സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർധനവ് മെച്ചപ്പെടുത്തുന്നതിനുമായി പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് ഗ്രാമീണ അപ്പാരൽ പാർക്കുകളും ഗ്രാമീണ മേഖലാധിഷ്ഠിത ഇലക്ട്രോണിക് അസംബ്ലിങ് പാർക്കുകളും (യൂണിറ്റുകളും) സ്ഥാപിക്കും. ഈ പാർക്കുകൾക്കായി ഓരോന്നിനും 10 കോടി രൂപ വീതം നീക്കിവയ്ക്കും.

വായ്പാധിഷ്ഠിത പ്രോജക്ടുകള്‍ക്ക് മാര്‍ജിന്‍ മണി നല്കി സംരംഭകര്‍ക്ക് സംസ്ഥാനത്തിനകത്ത് ചെറു സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്കായി 17.06 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കിൻഫ്ര മുഖേന കൊച്ചിയില്‍ സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിനായി 17 കോടി രൂപ നീക്കിവച്ചു. പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തോടെ 10,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും ഏകദേശം 10,000 പേർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. പരമ്പരാഗത വ്യവസായ ങ്ങൾക്കുള്ള വിഹിതം 242.34 കോടി രൂപയായി വര്‍ധിപ്പിച്ചു. പൊതു മേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും പദ്ധതിക്കായി ഒഴിവാക്കാനാവാത്തതും ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതുമായ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള സമഗ്ര സാമ്പത്തിക പുനര്‍ രൂപീകരണ പദ്ധതിക്കായി 294.60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 

* ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് 853.74 കോടി രൂപ‍
* ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിനായി 19.69 കോടി
*പരമ്പരാഗത വ്യവസായങ്ങൾക്കുള്ള വിഹിതം 242.34 കോടി രൂപയായി വർധിപ്പിച്ചു.
* കശുവണ്ടി മേഖലയ്ക്ക് 56 കോടി
* മൈനിങ് ആന്റ് ജിയോളജി വകുപ്പിന് 8.20 കോടി 

എംഎസ്എംഇ, വാണിജ്യം എന്നീ മേഖലയ്ക്കുള്ള വിഹിതം 310.84 കോടി രൂപയായി ഉയര്‍ത്തി. ഒരു ലക്ഷം നാനോ, സൂക്ഷ്മ സംരംഭങ്ങൾക്ക് സാമ്പത്തിക സാങ്കേതിക പിന്തുണ നൽകി നവീകരിക്കുന്നതിനും അത് വഴി കുറഞ്ഞത് ഒരു കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിക്കുന്നതിലേക്ക് അവയെ ഉയർത്തുന്നതിനും ലക്ഷ്യമിടുന്ന മിഷൻ 1,00,000 എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുകയും നാല് കോടി രൂപ വകയിരുത്തുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ട എംഎസ്എംഇ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് പ്രചോദനം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. കഴിഞ്ഞ നാല് വർഷത്തിൽ 3,431 സംരംഭകര്‍ക്ക് മൂലധന സഹായമായി 203.56 കോടി രൂപ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിക്കുള്ള വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് 110 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 

Exit mobile version