Site iconSite icon Janayugom Online

ബൂമറാംഗ് പാഞ്ച്; ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് പ്രോട്ടീസ്‌പടയ്ക്കുമേല്‍ നാശം വിതച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റമ്പെടുത്തപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സോടെ കെ എല്‍ രാഹുലും ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. 

സ്കോര്‍ 18ല്‍ നില്‍ക്കെയാണ് യശസ്വി ജയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടമാകുന്നത്. 27 പന്തില്‍ 12 റണ്‍സെടുത്ത ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ ബൗള്‍ഡാക്കി. പിന്നീട് മൂന്നാം നമ്പറില്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറാണ് എത്തിയത്. രാഹുലും വാഷിങ്ടണും കരുതലോടെയാണ് ബാറ്റ് ചെയ്തത്. 

നേരത്തെ 48 പന്തിൽ 31 റണ്‍സടിച്ചു പുറത്തായ ഓപ്പണർ എ­യ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. എയ്ഡന്‍
മാര്‍ക്രവും റിയാന്‍ റിക്കെല്‍ട്ടണും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ 57ല്‍ നില്‍ക്കെ 23 റണ്‍സെടുത്ത് റിക്കെല്‍ട്ടണ്‍ പുറത്തായി. താരത്തെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മാര്‍ക്രത്തെയും ബുംറ മടക്കി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ടെംബാ ബാവുമയെ കുല്‍ദീപ് യാദവ ഷോര്‍ട്ട് ലെഗ്ഗില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക പതറി. 

നാലാം വിക്കറ്റില്‍ ഒന്നിച്ച വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ടീമിനെ 100 കടത്തി. സ്‌കോര്‍ 114ല്‍ നില്‍ക്കെ മുള്‍ഡറെ കുല്‍ദീപ് യാദവ് മടക്കി. ടോണി ‍ഡെ സോർസിയെ ബുംറയും മടക്കി. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കൈൽ വരെയ്നും (16) മാർകോ യാൻസനും (പൂജ്യം) സിറാജിന്റെ പന്തുകളിൽ പുറത്തായി. വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയപ്പോൾ, 74 പന്തിൽ 15 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ബുംറയെ കൂടാതെ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി. 

Exit mobile version