Site iconSite icon Janayugom Online

ബൊപ്പണ്ണ‑ബരിയന്റോസ് സഖ്യം പുറത്ത്; മുന്നേറി റൈബാകിന

ഓസ്ട്രേലിയന്‍ ഓപ്പണില്‍ കാലിടറി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ നിലവിലെ ചാമ്പ്യനായ ബൊപ്പണ്ണ‑കൊളംബിയയുടെ നിക്കോളാസ് ബരിയന്റോസ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. 

സ്പെയിന്‍ താരങ്ങളായ പെഡ്രോ മാര്‍ട്ടിനസ്-ജാമി മുനര്‍ സഖ്യത്തോടാണ് ബൊപ്പണ്ണ സഖ്യത്തിന്റെ പരാജയം. സ്‌കോര്‍: 7–5, 7–6 (7–5). കഴിഞ്ഞ വര്‍ഷം മാത്യു എബ്ഡനെ കൂട്ടുപിടിച്ചാണ് ബൊപ്പണ്ണ കിരീടം നേടിയത്. 

വനിതാ സിംഗിള്‍സില്‍ കസാഖിസ്ഥാന്റെ എലെന റൈബാകിനയ്ക്ക് ആദ്യ റൗണ്ടില്‍ അനായാസ ജയം. ഓസ്ട്രേലിയയുടെ എമേഴ്സണ്‍ ജോണ്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൈബാകിന മറികടന്നത്. സ്കോര്‍ 6–1, 6–1.

ഇറ്റലിയുടെ ജാസ്മിന്‍ പവോലിനി ചൈനയുടെ സിജിയ വെയിനെ ആദ്യ റൗണ്ടില്‍ തോല്പിച്ചു. സ്കോര്‍ 6–0, 6–4.
ടൂണീഷ്യന്‍ താരം ഒന്‍സ് ജാബ്യുര്‍ ഉക്രെയ്ന്റെ അന്‍ഹെലിന ഖലിനിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6–3, 6–3.
അതേസമയം പുരുഷ സിംഗിള്‍സില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലറിനൊടുവില്‍ വിജയം സ്വന്തമാക്കി റഷ്യയുടെ ഡാനീല്‍ മെദ്‌വദേവ്. ആദ്യസെറ്റ് അനായാസം നേടിയ മെദ്‌വദേവിന് രണ്ടും മൂന്നും സെറ്റ് നഷ്ടമായിരുന്നു. എന്നാല്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ റഷ്യന്‍ താരം അവസാന രണ്ട് സെറ്റുകള്‍ സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ കടന്നു. 

Exit mobile version