Site iconSite icon Janayugom Online

ബോറിസ് സര്‍ക്കാര്‍ ആടിയുലയുന്നു

മന്ത്രിമാരുടെ കൂട്ട രാജിയില്‍ ബ്രിട്ടണിലെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ആടിയുലയുന്നു. ഇന്ത്യന്‍ വംശജനായ ധനമന്ത്രി റിഷി സുനക് അടക്കം ആറ് മന്ത്രിമാരാണ് സര്‍ക്കാരില്‍ നിന്നും പുറത്തുപോയത്. ആരോഗ്യ മന്ത്രി സാജിദ് ജാവേദ്, ട്രഷറി ചുമതലയുള്ള സാമ്പത്തിക സെക്രട്ടറി ജോണ്‍ ഗ്ലെന്‍, നീതിന്യായ സഹമന്ത്രി വിക്ടോറിയ അറ്റ്കിന്‍സ്, വ്യാപാര വകുപ്പ് പാര്‍ലമെന്ററി പ്രെെവറ്റ് സെക്രട്ടറി ഫെലിസിറ്റി ബുക്കര്‍, വനിതാശിശു ക്ഷേമ വകുപ്പ് മന്ത്രി വിൽ ക്വിൻസ്, ഗതാഗത മന്ത്രി ലോറ ട്രോട്ട്, വിദ്യാഭ്യാസ സഹമന്ത്രി റോബിന്‍ വാള്‍ക്കര്‍ എന്നിവരാണ് രാജിവച്ചത്.

സാജിദ് ജാവേദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നാലെ റിഷി സുനകും രാജിവച്ചു. തുടര്‍ന്ന് നാല് മന്ത്രിമാര്‍ കൂടി രാജി പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി സ്ഥാനത്തെ ബോറിസ് ജോണ്‍സണിന്റെ നില പരുങ്ങലിലായി. നിരവധി പീഡനക്കേസുകളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിനു പിന്നാലെയാണ് മന്ത്രിമാര്‍ ബോറിസ് ജോണ്‍സണിനെതിരെ തിരിഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പിഞ്ചറെ സ്ഥാനത്തു നിന്ന് നീക്കുകയും ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പു പറയുകയും ചെയ്തിരുന്നു.

രാജി പ്രഖ്യാപിച്ച മന്ത്രിമാരെല്ലാം കടുത്ത വിമര്‍ശനങ്ങളാണ് ബോറിസിനെതിരെ ഉന്നയിക്കുന്നത്. ബോറിസിന്റെ ഭരണത്തിനു കീഴിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും സ‍ര്‍ക്കാരിൽ തനിക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സാജിദ് ജാവീദ് രാജിക്കത്തിൽ കുറിച്ചു. രാജിവയ്ക്കാനുള്ള തീരുമാനം വെറുതെ സ്വീകരിച്ചതല്ല എന്ന് റിഷി സുനക് രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നിലവാരത്തിനു വേണ്ടി പൊരുതുന്നതിൽ നഷ്ടബോധമില്ലെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും സുനക് വ്യക്തമാക്കി. മന്ത്രിമാരുടെ കൂട്ടരാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മറ്റ് എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഋഷി സുനകിന്റെ രാജി നേതൃമാറ്റം ലക്ഷ്യമിട്ടുള്ള വിമതനീക്കമാണെന്നും വിലയിരുത്തലുകളുണ്ട്.

ലോക്ഡൗണിനിടെ ഉണ്ടായ പാര്‍ട്ടിഗേറ്റ് വിവാദത്തെ തുടര്‍ന്ന് ബോറിസ് ജോൺസൺ സര്‍ക്കാരിന് അവിശ്വാസപ്രമേയം നേരിടേണ്ടി വന്നിരുന്നു. വിശ്വാസം നേടാനായെങ്കിലും കഴിഞ്ഞ മാസം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും കൺസര്‍വേറ്റീവ് പാര്‍ട്ടിക്ക് പരാജയം നേരിട്ടു. ഇതിനു പിന്നാലെയാണ് പുതിയ രാജിപരമ്പര.

Eng­lish summary;Boris’s gov­ern­ment is reeling

You may also like this video;

Exit mobile version