Site iconSite icon Janayugom Online

കേരളത്തിന്റെ കടമെടുപ്പ് പരിധി; അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും

കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍. കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചപ്പോഴാണ് ഇടപെടാമെന്ന് കോടതി വ്യക്തമാക്കിയത്. ഇതിനായി ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാന താല്പര്യങ്ങള്‍ക്ക് അനുകൂലമല്ലെന്നാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ നിലവിലെ കടമെടുപ്പ് പരിധി നിര്‍ണയ രീതിയില്‍ മാറ്റം വരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സാമ്പത്തിക അച്ചടക്കങ്ങളുടെ ഭാഗമായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് തടസമായി നില്‍ക്കുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ സാമ്പത്തിക മേഖല രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഓണം ആസന്നമായ സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക പിന്തുണ വേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കേസ് വേഗത്തില്‍ പരിഗണിക്കണം എന്ന ആവശ്യമാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചത്. ഹര്‍ജി വേഗത്തില്‍ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തിന് അടിയന്തരമായി 26,000 കോടി രൂപ കടമെടുക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഏപ്രിലില്‍ ഉത്തരവായിരുന്നു. എന്നാല്‍ ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രജിസ്ട്രി ചീഫ് ജസ്റ്റിസിന് ഇ മെയില്‍ അയയ്ക്കാന്‍ വന്ന കാലതാമസമാണ് കേസില്‍ സംസ്ഥാനത്തിന് തിരിച്ചടിയായത്. ഈ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

കോടതിക്കു മുന്നില്‍ വിഷയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ സിബലുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, എ ജി കെ ഗോപാലകൃഷ്ണ കുറുപ്പ്, സുപ്രീം കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി കെ ശശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Exit mobile version