ബിജെപിയുടെ പിന്തുണയോടെ മഹാരാഷട്രയില്‍ അധികാരത്തില്‍ എത്തിയ ശിവസേന ഷിന്‍ഡെ വിഭാഗം പാര്‍ട്ടിയുടെ ചിഹ്നത്തിനായി ശ്രമിക്കുന്നു. ഇരു കൂട്ടരും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെ ഷന്‍ഡെ-ഉദ്ദവ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാവുകയാണ്. ഇതിനാല്‍ പാര്‍ട്ടിയിലെ രാഷ്ട്രീയ പോര് അടുത്തൊന്നും അവസാനിക്കില്ലെന്ന് സൂചന.
ചിഹ്നത്തിനായുള്ള വടംവലിക്കാണ് മുംബൈ രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബിഎംസി തിരഞ്ഞെടുപ്പിന് മുമ്പ് ഈ പോര് അവസാനിപ്പിക്കണമെന്നാണ് ഷിന്‍ഡെ പക്ഷം കരുതുന്നത്. നിര്‍ണായകമായി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. ഇനിയങ്ങോട്ടുള്ള ദിനങ്ങളാണ് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചിഹ്നത്തിനായി സമീപിക്കുമോ എന്ന കാര്യം വ്യക്തമാക്കുകതയെന്ന് ഷിന്‍ഡെ പറയുന്നു. അദ്ദേഹത്തിന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ ചിഹ്നം നേടിയെടുക്കണമെന്ന ആവശ്യത്തിലാണ്.അതേസമയം ആവശ്യം ഉന്നയിച്ച എംഎല്‍എമാര്‍ക്ക് ആശങ്കകള്‍ വേറെയുണ്ട്. പ്രധാന കാരണം ശിവസേനയുടെ ചിഹ്നം പിടിച്ച് വാങ്ങിയാല്‍ അത് നെഗറ്റീവായി തങ്ങളുടെ ഇമേജിനെ ബാധിക്കുമോയെന്നാണ്. ഉദ്ധവിന് ഇവര്‍ക്കെതിരെയുള്ള പ്രചാരണം എളുപ്പമാകും.
ഇപ്പോള്‍ തന്നെ സ്വന്തം മണ്ഡലങ്ങളില്‍ ജയിക്കില്ലെന്ന ആശങ്ക ഇവര്‍ക്ക് ശക്തമാണ്. ഉദ്ധവിന് അനുകൂലമായി ഒരു സഹതാപ തരംഗം മുംബൈയില്‍ ഉടനീളം ആഞ്ഞടിച്ചാല്‍ തന്നെ അത് ഷിന്‍ഡെ ക്യാമ്പിന് വലിയ തിരിച്ചടിയാവും. താനെയില്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് ഷിന്‍ഡെ ക്യാമ്പിലെത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും ഇവരുടെ ആശങ്ക മാറ്റിയിട്ടില്ല.അതേസമയം ഉദ്ധവ് താക്കറെയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഷിന്‍ഡെ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എന്ത് വന്നാലും വിമതരുമായി ഒത്തുതീര്‍പ്പിന് താനില്ലെന്നാണ് ഉദ്ധവിന്റെ നിലപാട്. ഷിന്‍ഡെയും ഫട്‌നാവിസും കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. ഒപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കണ്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇവരെ വിളിപ്പിച്ചിരുന്നു. ജൂലായ് പതിനൊന്നിന് നിര്‍ണായകമായ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ആരംഭിക്കുകയാണ്. ശിവസേന 15 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ ഹര്‍ജിയാണ് പരിഗണിക്കുന്നത്.മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഷിന്‍ഡെ ബിജെപിയെ പിന്തുണച്ചു. ബിജെപിക്ക് അധികാര കൊതി കൊണ്ടാണ് സര്‍ക്കാര്‍ വീഴ്ത്തിയതെന്ന് എല്ലാവരും പറയുമായിരുന്നു. എന്നാല്‍ ഇപ്പോഴത് ആരും പറയില്ല. ഞങ്ങള്‍ ഉദ്ധവ് താക്കറെയോട് സംസാരിച്ചിരുന്നു.
ശിവസേന എംഎല്‍എമാരുടെ മൂല്യം നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു.എന്‍സിപിയുമായും കോണ്‍ഗ്രസുമായും ഒരിക്കലും സഖ്യമുണ്ടാക്കരുതെന്ന് ബാലാസാഹേബ് പറയുമായിരുന്നു. അവരോടൊപ്പം ചേര്‍ന്നാല്‍ ശിവസേന പിരിച്ചുവിടുമെന്ന് ബാലാസാഹേബ് പറയാറുണ്ടായിരുന്നുവെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. അതേസമയം മഹാരാഷ്ട്രയ്ക്കായി വലിയൊരു വിഷന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ടെന്നും ഷിന്‍ഡെ പറയുന്നു
English Summary: Both factions of Shiv Sena are fighting each other for the symbol in Maharashtra
You may also like this video: