ജനാധിപത്യവിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരാട്ടത്തിന് തുടക്കംകുറിച്ച് പ്രതിപക്ഷം. പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും മുങ്ങി. വര്‍ഷകാല സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും പ്രതിഷേധങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ രാവിലെ രാജ്യസഭ സമ്മേളിച്ചയുടന്‍ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്നാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. അതിനാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സഭയുടെ അധികാരം ഉപയോഗിച്ച് ചട്ടങ്ങള്‍ പാലിച്ചാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സഭാ നടപടികള്‍ തുടര്‍ന്നെങ്കിലും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷം സമ്മേളിച്ച സഭയില്‍ പ്രതിപക്ഷം പങ്കെടുക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി. അണക്കെട്ട് സുരക്ഷാ നിയമം രാജ്യസഭ പരിഗണനയ്ക്ക് എടുത്തുവെങ്കിലും പ്രതിപക്ഷ അസാന്നിധ്യത്തില്‍ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതിലെ അനൗചിത്യം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് സിങ് ജോഷി ശ്രദ്ധയില്‍പെടുത്തി. ഇതോടെ സഭ ഇന്നലെ പിരിയുകയാണുണ്ടായത്.
രാവിലെ പതിനൊന്നിന് സമ്മേളിച്ച ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് രണ്ടുതവണ കൂടി സമ്മേളിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതോടെ സര്‍ക്കാര്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 16 പാര്‍ട്ടികള്‍ പങ്കെടുത്തു. സഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് പെരുമാറുന്നത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകളെ പ്രതിപക്ഷം നിയമപരമായി നേരിടും. വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി.
english summary; Both rajyasabha were engulfed in protest
you may also like this video;