Site iconSite icon Janayugom Online

വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതം; വാദഗതികളുമായി വ്യോമയാന വിദഗ്ധന്‍

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന വാദഗതിയുമായി മുന്‍ യുഎസ് നേവി പൈലറ്റും വ്യോമയാന വിദഗ്ധനുമായ ക്യാപ്റ്റന്‍ സ്റ്റീവ് ഷെയ്ബ്നര്‍. വിമാനത്തിന്റെ എന്‍ജിനുകള്‍ നിശ്ചലമാവുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന റാറ്റ് സംവിധാനം ദുരന്തത്തിനിരയായ വിമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി സ്റ്റീവ് വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു. വിമാനദുരന്തമുണ്ടായപ്പോള്‍ മൂന്ന് കാരണങ്ങളുടെ സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. പക്ഷിയിടിച്ചോ ഇന്ധനം മലിനമായതോ മൂലം എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുക, വിമാനത്തിന്റെ ഫ്ളാപ്പുകള്‍ തെറ്റായി ക്രമീകരിച്ചത്, ലാന്‍ഡിങ് ഗിയര്‍ ഉയര്‍ത്തുന്നതിന് പകരം തെറ്റായി ഫ്ളാപ്പുകള്‍ ഉയര്‍ത്തിയത്. ഇതില്‍ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചു എന്ന വാദത്തിന് ശക്തി പകരുന്ന വീഡിയോയാണ് സ്റ്റീവ് പുറത്തുവിട്ടിരിക്കുന്നത്. 

വിമാനം ഉയരുന്ന വേളയിലെ വീഡിയോയില്‍ വിമാനത്തിന്റെ വലതു ചിറകിനു പിന്നില്‍ ചാരനിറത്തില്‍ മുഴച്ചുനില്‍ക്കുന്ന ഭാഗം അടയാളപ്പെടുത്തി വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തിച്ചിരുന്നതായി സ്റ്റീവ് പറയുന്നു. വിമാനത്തിന്റെ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്ക് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുമ്പോള്‍ അടിയന്തരസാഹചര്യത്തില്‍ പറക്കാനും ആശയവിനിമയം നടത്താനും സ്വമേധയാ പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ് റാറ്റ്. എന്നാല്‍ 400 ‑500 അടി ഉയരത്തില്‍ എന്‍ജിന്‍ നിലച്ചാല്‍ വിമാനത്തെ നിയന്ത്രിക്കാനാവശ്യമായ ശക്തിയോടെയല്ല റാറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. വിമാന ദുരന്തത്തിന് തൊട്ടുമുമ്പുള്ള വീഡിയോയിലെ ശബ്ദവും സ്റ്റീവ് ചൂണ്ടിക്കാട്ടുന്നു. ഒരു സെസ്ന വിമാനത്തിന്റെ മൂളലിന് സമാനമായ ശബ്ദം റാറ്റിന്റേതാണ്. രക്ഷപ്പെട്ട യാത്രികന്റെ മൊഴിയും ഇതനുകൂലിക്കുന്നു. വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് ഒരു വലിയ ശബ്ദവും ലൈറ്റുകള്‍ മിന്നുന്നതായും കണ്ടതായി പറയുന്നു. പൈലറ്റിന്റെ മേയ് ഡേ സന്ദേശത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്ന വാര്‍ത്തകളും എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന വാദത്തിന് ആക്കം കൂട്ടുകയാണ്. എന്നാല്‍ ഇരട്ട എന്‍ജിന്‍ ഉള്ള വിമാനത്തിലെ രണ്ട് എന്‍ജിനുകളും ഒരുമിച്ച് പ്രവര്‍ത്തനം നിലയ്ക്കില്ലെന്നും ഇത് എങ്ങനെ സംഭവിക്കുമെന്നുമുള്ള ചോദ്യം അവശേഷിക്കുന്നു.

Exit mobile version