Site iconSite icon Janayugom Online

തെറ്റായ ഇടപെടലുകള്‍ക്കെതിരെ ഭരണപക്ഷവും , പ്രതിപക്ഷവും ഒരുപോലെ എതിര്‍ക്കണം :അഡ്വ. കാളീശ്വരം രാജ്

ഗവർണർമാരുടെ പ്രീതി എന്നത്‌ ജനങ്ങളുടെ സമ്മതി എന്ന അർഥത്തിലാണ്‌ ഭരണഘടനയിൽ വിവക്ഷിച്ചിട്ടുള്ളത്‌. ഭരണഘടനയിലെ 164–-ാം അനുച്ഛേദപ്രകാരം മന്ത്രിമാരെ നിയമിക്കാനും പിരിച്ചുവിടാനും ഗവർണർക്ക്‌ വിവേചനാധികാരമില്ലെന്ന് അഡ്വ. കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു.

ഇക്കാര്യം ഷംസേർ സിങിന്‍റെ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സൂചിപ്പിക്കുന്നുണ്ട്. ‘‘Dur­ing the plea­sure’’ എന്ന 164–-ാം അനുച്ഛേദത്തിലെ പ്രയോഗത്തിന് സഭയിലെ ഭൂരിപക്ഷത്തിന്റെ സമ്മതി എന്നുമാത്രമേ അർഥമുള്ളൂവെന്ന് ഡോ. ബി ആർ അംബേദ്കറും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു‌. അതായത് പ്രീതി പിൻവലിക്കാൻ ഗവർണർക്ക്‌ കഴിയുക മന്ത്രിസഭയ്ക്ക് സഭയിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നാൽ മാത്രമാണ്.

ശിശുസഹജമായ നിഷ്കളങ്കതയോടെ 164–-ാം അനുച്ഛേദം വായിച്ച്‌ പ്രയോഗിക്കുകയാണ്‌ രാജ്ഭവൻ ചെയ്യുന്നതെന്ന് കരുതുന്നില്ല. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകർത്ത്‌, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അനാവശ്യമായി തടസ്സങ്ങൾ സൃഷ്ടിച്ച്‌, ജനാധിപത്യത്തിൽത്തന്നെയുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുകയാണ്‌ ഇന്ത്യൻ വർഗീയ ഫാസിസത്തിന്റെ അജൻഡ.

ഇലക്ടറൽ ബോണ്ടിലൂടെയും പണം കൊടുത്ത്‌ കൂറുമാറ്റി അധികാരം പിടിക്കുന്നതിലൂടെയും ഉന്നമിടുന്ന രാഷ്‌ട്രീയ ലക്ഷ്യമാണ്‌ ഗവർണറുടെ ഓഫീസുകളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ ചെയ്യുന്നത്‌. ഇത്തരം ഇടപെടലുകളെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കണംമെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Both the rul­ing par­ty and the oppo­si­tion should oppose wrong­ful inter­ven­tions: Adv. Kaliswaram Raj

You may also like this video:

Exit mobile version