ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവറിന്റെ ഭാര്യ മാധുരി ജെയിൻ ഗ്രോവറിനെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് പിരിച്ചുവിട്ടു. ഭാരത്‌പേയുടെ ബോർഡ് ഉത്തരവിട്ട എക്‌സ്‌റ്റേണൽ ഓഡിറ്റിനെ തുടർന്നാണ് നടപടി. മാധുരി ജെയിൻ ഗ്രോവർ കമ്പനിയുടെ ഫണ്ട് വ്യക്തിഗത സൗന്ദര്യ ചികിത്സകൾക്കും ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നതിനും യുഎസിലേക്കും ദുബായിലേക്കുമുള്ള കുടുംബ യാത്രകൾക്കും ഉപയോഗിച്ചുവെന്നാണ് ആരോപണം. കമ്പനി അക്കൗണ്ടുകളിൽ നിന്ന് അവർ തന്റെ പേഴ്‌സണൽ സ്റ്റാഫിന് പണം നൽകുകയും വ്യാജ ഇൻവോയ്‌സുകൾ ഹാജരാക്കുകയും ചെയ്‌തതായി സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഭാരത് പേയുടെ സഹസ്ഥാപകനായ അഷ്‌നീർ ഗ്രോവർ മാർച്ച് അവസാനം വരെ സ്വമേധയാ അവധിയിൽ പ്രവേശിച്ചിരുന്നു. ഗ്രോവറിന്റെ അസാന്നിധ്യത്തിൽ സിഇഒ സുഹൈൽ സമീറാണ് നിലവില്‍ കമ്പനിയെ നയിക്കുന്നത്. കൊടാക് ഗ്രൂപ്പ് ജീവനക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത് വൻ വിവാദമായതിനെത്തുടര്‍ന്നാണ് ഗ്രോവര്‍ ദീർഘ അവധിയെടുക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് ഗ്രോവറിനും ഭാര്യ മാധുരിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻപ് കൊടാക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു. നൈകാ ഇനീഷ്യൽ പബ്ലിക് ഓഫറിൽ (ഐപിഒ) തങ്ങൾക്ക് ഓഹരികൾ അനുവദിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രോവറും ഭാര്യയും ബാങ്കിനെതിരെ രംഗത്ത് വന്നത്. ഇവർ 500 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
English Summary: Bought cosmetics and swindled: Bharatpe’s co-founder’s wife fired
You may like this video also