Site iconSite icon Janayugom Online

പുനഃസംഘടന ബഹിഷ്കരണത്തിലേക്ക് ഗ്രൂപ്പുകള്‍

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിനെതിരെ എ, ഐ ഗ്രൂപ്പുകളുടെ ബഹിഷ്കരണ നീക്കം താഴേതലം മുതല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നതിനിടെ ഇത്തരമൊരു പുനഃസംഘടന സംഘടനയെ ശിഥിലമാക്കുമെന്നാണ് ഗ്രൂപ്പുകളുടെ കടുത്ത നിലപാട്. മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ഇതേ നിലപാടാണുള്ളതെന്ന സൂചനയുമുണ്ട്.ഇതു സംബന്ധിച്ച് ഐ ഗ്രൂപ്പ് കമാന്‍ഡറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ഇന്നലെ കത്തെഴുതിയതായും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതിനിടെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പു നേതാക്കള്‍ ദേശീയ നേതൃത്വത്തിലെ വിമത വിഭാഗമായ ജി 23 യില്‍ അണിചേരുമെന്ന റിപ്പോര്‍ട്ടുകളും ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സംസ്ഥാനത്തെ ഡിസിസികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരടങ്ങുന്ന ഹൈക്കമാന്‍ഡ് ഗ്രൂപ്പ് ഇരു ഗ്രൂപ്പുകളെയും ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കി സമഗ്രാധിപത്യമാണ് പുലര്‍ത്തിയത്. സംഗതിവശാല്‍ ഇരു ഗ്രൂപ്പിലേയും അല്ലറചില്ലറ നേതാക്കള്‍ ഡിസിസി പ്രസിഡന്റുമാരായെങ്കിലും പദവി ലഭിച്ചതോടെ ഇവരെല്ലാം ഹൈക്കമാന്‍ഡ് പക്ഷപാതികളായി മാറിയത് എ ഗ്രൂപ്പിന്റെ ഉസ്താദായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനുള്ള കെപിസിസി നേതൃയോഗത്തിലെ തീരുമാനത്തിനു പിന്നില്‍ 14 പുതിയ ഡിസിസി പ്രസിഡന്റുമാരും അണിനിരന്നതും ഗ്രൂപ്പുകള്‍ക്കു തിരിച്ചടിയായി. നേതൃയോഗത്തില്‍ തങ്ങള്‍ക്കൊപ്പം നില്ക്കുമെന്ന് കരുതിയ മിക്കവരും ഹൈക്കമാന്‍ഡ് പക്ഷത്തേക്കു ചാടിയതും ജില്ലാതല പുനഃസംഘടന ബഹിഷ്കരിക്കാനുള്ള എ, ഐ ഗ്രൂപ്പുകളുടെ നീക്കത്തിനു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുനഃസംഘടനയ്ക്കു പച്ചക്കൊടി കാട്ടിയാല്‍ ഗ്രൂപ്പുകള്‍തന്നെ ഉന്മൂലനം ചെയ്യപ്പെടുന്ന ആത്മഹത്യാപരമായ സാഹചര്യമാണുണ്ടാകാന്‍ പോകുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശിന്റെയും ആശങ്കയെന്നുമറിയുന്നു. ഗ്രൂപ്പുകള്‍ നിലനിന്നാലും നശിച്ചാലും ഇനിയും അയവു കാണിക്കുന്നത് കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ ത്രയത്തിന് സംഘടനയില്‍ പൂര്‍ണമായ ആധിപത്യമുറപ്പിക്കാനായിരിക്കും വഴിതുറക്കുന്നതെന്ന അഭിപ്രായമാണത്രേ സുധീരനുള്ളത്. പുനഃസംഘടനാ ബഹിഷ്കരണത്തിലൂടെ ഏകാധിപത്യ വാഴ്ചയെ ചെറുക്കാമെന്നും അദ്ദേഹം കരുതുന്നു. ബഹിഷ്കരണമുണ്ടായാല്‍ ഹൈക്കമാന്‍ഡിനു പ്രശ്നത്തില്‍ ഇടപെട്ട് സമവായമുണ്ടാക്കേണ്ട അവസ്ഥ വരുമെന്ന വിലയിരുത്തലും ഗ്രൂപ്പു കമാന്‍ഡര്‍മാര്‍ക്കുണ്ട്. ബഹിഷ്കരണത്തോടൊപ്പം ജി 23 വിമത ഗ്രൂപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ അണിചേരുമെന്ന് ഹൈക്കമാന്‍ഡിനു മുന്നറിയിപ്പു നല്കുന്നതോടെ ദേശീയ നേതൃത്വം തന്നെ ഇടപെടുമെന്നു തീര്‍ച്ചയാണ്. ദേശീയ വിമത ഗ്രൂപ്പിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സോണിയയും രാഹുലും കേരളത്തില്‍ നിന്നുള്ള ഈ ഭീഷണിയെ ഭയപ്പാടോടെയാണ് കാണുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന പോലെ ഗ്രൂപ്പില്ലാതാക്കാനുള്ള ഹൈക്കമാന്‍ഡിന്റെയും ഹൈക്കമാന്‍ഡ് ഗ്രൂപ്പിന്റെയും ശ്രമങ്ങള്‍ ദേശീയതലത്തില്‍ വിമത ഗ്രൂപ്പിസം ശക്തിപ്പെടുത്തുകയാവും ഫലം.


ഇതുംകൂടി വായിക്കാം;എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകള്‍


 

അതേസമയം ബഹിഷ്കരണത്തോടെ മാറിനിന്നാല്‍ ഗ്രൂപ്പുകള്‍ തന്നെ അപ്രസക്തമാകുമെന്ന അഭിപ്രായ ഗതിയുള്ള ഒരു ചെറുവിഭാഗവും ഇരു ഗ്രൂപ്പുകളിലുമുണ്ടെന്ന സൂചനയും പുറത്തുവരുന്നു. ബഹിഷ്കണമുണ്ടായാല്‍ ഇപ്പോള്‍ത്തന്നെ പിണങ്ങിനില്ക്കുന്ന സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മറ്റു പാര്‍ട്ടികളിലേക്കു ചേക്കേറുമെന്ന കണക്കുകൂട്ടലും ഈ വിഭാഗത്തിനുണ്ട്.മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ പരമാവധി അംഗങ്ങളെ ചേര്‍ക്കാന്‍ ഇരു ഗ്രൂപ്പുകളും രംഗത്തിറങ്ങുന്നതു വഴി സംഘടന പിടിച്ചെടുക്കാമെന്ന തന്ത്രമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, ഗ്രൂപ്പുകള്‍ ഇതിനോടു യോജിക്കുന്നില്ല.തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിലൂടെയും ദേശീയ വിമതവിഭാഗത്തോടൊപ്പം ചേരുമെന്ന ഭീഷണി വഴിയും ഹൈക്കമാന്‍ഡിനെ വരുതിക്കു കൊണ്ടുവരാമെന്ന തന്ത്രവുമായിത്തന്നെയാണ് എ, ഐ വിഭാഗങ്ങള്‍ നീങ്ങുന്നത്. ബഹിഷ്കരണ നീക്കം കോണ്‍ഗ്രസിനെ കൂടുതല്‍ ശിഥിലമാക്കുമെന്ന വേണു — സുധാകരന്‍ — സതീശന്‍ ഗ്രൂപ്പിന്റെ മുന്നറിയിപ്പും എതിര്‍ ഗ്രൂപ്പുകള്‍ ഗൗനിക്കാത്തതും ശ്രദ്ധേയമായി.ബഹിഷ്കരണമുണ്ടായാല്‍ അതീവ ദുര്‍ബലമായ ഡിസിസികളുണ്ടാവുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പയിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സുധാകരനെപ്പോലും തോല്പിക്കാമെന്ന കണക്കുകൂട്ടലും എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. ഈ ബഹിഷ്കരണ നീക്കം തിരിച്ചറിഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനുമെതിരെ സുധാകരന്‍ രൂക്ഷമായ കടന്നാക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി നടത്തിവരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Exit mobile version