Site icon Janayugom Online

ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികളുമായി ബിപിസിഎല്‍

ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികൾ അഞ്ചു വർഷത്തിനകം നടപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ഒരുങ്ങുന്നു. പ്രോജക്ട് ആസ്പയർ എന്ന പദ്ധതി റിഫൈനിങ്, മാർക്കറ്റിങ്, അപ്സ്ട്രീം, ഗ്യാസ്, നോൺഫ്യൂവൽ റീട്ടെയിലിങ്, പെട്രോ കെമിക്കൽസ്, ഗ്രീൻ എനർജി ബിസിനസ്, ഡിജിറ്റൽ പദ്ധതികൾ എന്നിവയിലാണ് ശ്രദ്ധിക്കുക. ബിനാ റിഫൈനറിയുടെ ശേഷി വർധിപ്പിച്ച് മധ്യ, വടക്കേയിന്ത്യൻ വിപണി പിടിക്കാനും ലക്ഷ്യമുണ്ടെന്ന് ബിപിസിഎല്ലിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ ജി കൃഷ്ണകുമാർ അറിയിച്ചു.

ദീർഘകാല ലക്ഷ്യമുള്ള പദ്ധതികൾ പരിസ്ഥിതി സൗഹൃദപരമായാണ് നടപ്പാക്കുക. ആഗോളതാപനം നിയന്ത്രിക്കുക, 2070ൽ ഇന്ത്യയിലെ മാലിന്യം പുറന്തള്ളൽ പൂജ്യം തോതിലെത്തിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. വ്യവസായ മേഖലയിലെ പ്രവണതയ്ക്കും സർക്കാർ നയങ്ങൾക്കുമനുസരിച്ചാണ് പുതിയ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ അടിസ്ഥാന സൗകര്യ ശൃംഖല വിപുലീകരിക്കാൻ 2,753 കോടി രൂപയാണ് വകയിരുത്തിയത്. മഹാരാഷ്ട്രയിലെ രാസയാനി റിഫൈനറിയിൽ പെട്രോളിയം ഓയിൽ, ലൂബ്രിക്കന്റ്സ്, ലൂബ് ഓയിൽ ബേസ് സ്റ്റോക്ക് ഇൻസ്റ്റലേഷൻ എന്നിവയ്ക്കും പദ്ധതിയുണ്ട്. ബിനായിൽ നടപ്പാക്കിയ എഥിലീൻ ക്രാക്കർ പദ്ധതിക്ക് 49,000 കോടി രൂപയാണ് ചെലവ്.

ബിപിസിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റനിക്ഷേപ പദ്ധതിയാണിത്. പെട്രോകെമിക്കലിന്റെ നിർമ്മാണത്തിന് വേഗത കൂട്ടാനും പ്രോഡക്ട് പോർട്ട്ഫോളിയോ എട്ടു ശതമാനമായി വർധിക്കാനും ഇത് സഹായിക്കും. അഞ്ചു വർഷത്തിനുള്ളിൽ വൈദ്യുത വാഹനങ്ങൾക്കായി 7,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ദേശീയപാതകളിൽ നിലവിൽ കമ്പനിയുടെ റാപ്പിഡ് ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റുകൾക്കായി 1,000 കോടി രൂപ നിക്ഷേപിക്കും. മുബൈ, ബിനാ എന്നിവിടങ്ങളിലെ റിഫൈനറികൾക്കും ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ ബിനാ റിഫൈനറിയിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

Eng­lish Sam­mury: BPCL with invest­ment plans of one and a half lakh crore

Exit mobile version