Site iconSite icon Janayugom Online

ഡോ. ബി ആർ അംബേദ്കർ; മൗലികാവകാശങ്ങളുടെ രജപുത്രൻ

ഡിസംബർ ആറ് ഡോ. ബി ആർ അംബേദ്കർ സ്മൃതി ദിനം. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലെ മഹാവൂ എന്ന സ്ഥലത്ത് ഒരു ദളിത് കുടുംബത്തിൽ ആണ് ഡോ. ഭീംറാവു അംബേദ്കർ ജനിച്ചത്. 1956 ഡിസംബർ 6‑ന് അംബേദ്കർ 65-ാമത്തെ വയസിൽ അന്തരിച്ചു. ജാതി വ്യവസ്ഥയ്ക്കെതിരെയും അയിത്തത്തിനെതിരെയും പോരാടിയ നവോത്ഥാന നായകനും നിയമജ്ഞനും പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു ഡോ. ബി ആർ അംബേദ്കർ. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പിയാണ് അംബേദ്കർ.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്ഥാനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു.

അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരെ അംബേദ്കറുടെ പോരാട്ടം ശ്രദ്ധേയമാണ്. 1947‑ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.

ഭരണഘടനാകമ്മിറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു. ഒരുകാലത്തും തിരുത്തപ്പെടാൻ ആകാത്ത മഹാനാണ് ഡോ. ബി ആർ അംബേദ്കർ. ഇപ്പോൾ ചിലർ അംബേദ്കർക്കെതിരെയും ഭരണഘടനയുടെ ചരിത്രവും മായ്ക്കുവാൻ ശ്രമിക്കുന്നുണ്ട്. അംബേദ്കറെ തിരുത്താൻ പല വർഗീയ ഫാസിസ്റ്റ് കക്ഷികൾ ശ്രമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ മുഖ്യശില്പിയാണ് അംബേദ്കർ. ആ ഭരണഘടനയുടെ ചരിത്രത്താളുകൾ മായ്ക്കുവാനും ചിലർ ശ്രമിക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണ് രാജ്യത്തിന്റെ പേര് തന്നെ മാറ്റുവാൻ ശ്രമിക്കുന്നത്.

ജാതിയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുവാൻ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന പലരും ഇന്ന് ഈ രാജ്യത്തുണ്ട്. അംബേദ്കർ തുടങ്ങിയുള്ള മഹാന്മാരുടെ ശക്തി നമുക്ക് പ്രചോദനമാകണം. അംബേദ്കർ തുടങ്ങിയുള്ളവർ ഉണ്ടായിരുന്നെങ്കിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ പോരാടാൻ ഉള്ള കരുത്ത് നാം നേടുമായിരുന്നു. ഗാന്ധിജി, അംബേദ്കർ, നെഹ്രു, ഭഗത് സിങ് തുടങ്ങിയുള്ള മഹാന്മാരുടെ പോരാട്ടം ഈ കലികാലത്തിനെതിരെ പോരാടാൻ ഉള്ള ശക്തിയായി മാറട്ടെ.

Eng­lish Sum­ma­ry: BR Ambed­kar’s death anniversary
You may also like this video

YouTube video player
Exit mobile version