Site iconSite icon Janayugom Online

ബ്രഹ്മപുരം നമുക്ക് പാഠമാകണം

cardcard

റണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നുയരുന്ന പുക ഒരാഴ്ചയിലധികമായി കൊച്ചിയിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ദുരിതമായി തുടരുകയാണ്. മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം പൂര്‍ണമായി അണയ്ക്കുവാന്‍ സാധിക്കാത്തതാണ് പുക തുടരുന്നതിന് കാരണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നുമാത്രമല്ല ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. കൊച്ചി നഗരത്തില്‍ നിന്ന് 17 കിലോ മീറ്റര്‍ അകലെ വടവുകോട്-പുത്തന്‍ കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് നൂറിലധികം ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം മുന്നൂറിലധികം ടണ്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ എത്തിക്കുന്ന ബ്രഹ്മപുരത്ത് സംസ്കരിക്കാനാകുന്നത് വളരെ കുറച്ച് മാത്രമാണ്. ബാക്കിയുള്ളവ പ്രദേശത്ത് കുന്നുകൂടുന്നു. ഓരോ ദിവസവുമെത്തുന്ന മാലിന്യങ്ങളുടെ അളവ് കണക്കാക്കിയാല്‍ സംസ്കരിക്കാതെ കെട്ടിക്കിടക്കുന്നതാണ് കൂടുതല്‍. അഞ്ചു ലക്ഷത്തോളം ഘനമീറ്റര്‍ മാലിന്യം കെട്ടിക്കിടക്കുന്നുവെന്നാണ് ഒടുവിലത്തെ കണക്ക്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഇത്രയും മാലിന്യത്തിന് തീപിടിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമായിരിക്കുന്നത്. കേരളത്തിന്റെ ഹൈക്കോടതി ഉള്‍പ്പെടുന്ന കൊച്ചി കോര്‍പറേഷനിലാണ് പുക ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് എന്നതിനാല്‍ ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. അഗ്നിബാധ മനുഷ്യനിർമ്മിതമാണോ, മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ ചൊവ്വാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി ഉന്നയിക്കുകയുണ്ടായി. ഇതിന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും മറുപടി നല്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സംസ്ഥാനത്ത് കോവിഡ് മാലിന്യം വർധിക്കുന്നു


മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് സിസിടിവി സ്ഥാപിച്ചു, ബോധവല്‍ക്കരണം നടത്തുന്നു തുടങ്ങിയ വിശദീകരണമാണ് കോർപറേഷൻ നൽകിയത്. കൊച്ചിയില്‍ മലിനീകരണ തോത് കൂടുതലാണെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. വിഷമുറിയില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഓരോ ദിവസവും നിര്‍ണായകമാണെന്ന് അഭിപ്രായപ്പെട്ട കോടതി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണമെന്നും ശാശ്വത പരിഹാരം കാണണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇന്ന ലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജനസാന്ദ്രത കൂടുതലും ഭൂലഭ്യത കുറവും വ്യവസായവല്‍ക്കരണവുമുള്ള സംസ്ഥാനം വളരെക്കാലമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മാലിന്യ നിര്‍മ്മാര്‍ജനം. തിരുവനന്തപുരം വിളപ്പില്‍ശാലയും കോഴിക്കോട് ഞെളിയന്‍പറമ്പും കണ്ണൂരിലെ ചേലോറയും കൊച്ചിയിലെ ബ്രഹ്മപുരം പോലെ വാര്‍ത്തകളില്‍ ഇടംപിടിച്ച മാലിന്യ സംഭരണ‑സംസ്കരണ കേന്ദ്രങ്ങളാണ്. ബ്രഹ്മപുരത്തെ പ്ലാന്റില്‍ തീപിടിത്തവും പുകയും ഉണ്ടായപ്പോള്‍ വീണ്ടും വിവാദമായി. മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഏറ്റവും അനുഗുണമായ സംവിധാനമേത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ലെന്നത് ഇക്കാര്യത്തില്‍ നാം നേരിടുന്ന പ്രശ്നമാണ്.


ഇതുകൂടി വായിക്കൂ: കടലുണ്ടി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി അംഗികാരം


ഒരേസമയം കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ സംവിധാനങ്ങളിലൂടെയെ ഇതിന് പരിഹാരം കാണാനാകൂ. എന്നാല്‍ ഓരോ പ്രദേശത്തെയും മലിനീകരണപ്രശ്നം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണെന്ന പരമ്പരാഗത രീതി തുടരുകയാണ് ഇപ്പോഴും. അതിന് പകരം ഓരോ ഭവനത്തിനും സ്ഥാപനത്തിനും തങ്ങളുടെ മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ഉത്തരവാദിത്തമുണ്ടാകണം. അതോടാെപ്പം അവിടെ നിര്‍മ്മാര്‍ജനം ചെയ്യാനാകാത്തത് കേന്ദ്രീകൃത സംവിധാനത്തിലൂടെ പരിഹരിക്കാനാകണം. അത്തരമൊരു രീതി വിപുലവും സമഗ്രവുമാകുമ്പോള്‍ മാത്രമേ മാലിന്യ പ്രശ്നത്തിന് ആത്യന്തിക പരിഹാരം കാണാനാകൂ. അതുകൊണ്ട് ബ്രഹ്മപുരത്തെ പുകയും മാലിന്യ പ്രശ്നവും നമുക്ക് പാഠമാകേണ്ടതുണ്ട്. എന്നാല്‍ ഇതിനെ നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ പ്രശ്നമെന്നതില്‍ നിന്ന് വഴിമാറ്റി രാഷ്ട്രീയ വിഷയമാക്കുകയാണ് ചിലര്‍, പ്രത്യേകിച്ച് പ്രതിപക്ഷവും ചില മാധ്യമങ്ങളും. കൊച്ചി കോര്‍പറേഷന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് മാത്രമല്ല ഈ മാലിന്യ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാലിന്യ നിര്‍മ്മാര്‍ജനം, ബ്രഹ്മപുരത്തെ സംസ്കരണം, അവിടെ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ, എന്നിവയ്ക്ക് ഇതിന് മുമ്പ് ഭരിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് എല്ലാ കുറ്റങ്ങളും ഇപ്പോഴത്തെ ഭരണസമിതിയുടെ മേല്‍ ചാരുന്ന സമീപനം ശരിയല്ല. പക്ഷേ, ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങളില്‍ കരാര്‍ നല്കിയതുമായി ബന്ധപ്പെട്ട പോരായ്മകളും കരാര്‍ കമ്പനിയെ കുറിച്ച സംശയങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിനും തീപിടിത്തമുണ്ടാകാനിടയായ സാഹചര്യങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്.

Exit mobile version