Site iconSite icon Janayugom Online

മയക്കുമരുന്ന് റെയ്ഡിനിടെ ബ്രസീലില്‍ 45 പേര്‍ കൊല്ലപ്പെട്ടു

മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്ഡിനിടെ മൂന്ന് ബ്രസീലിയൻ സംസ്ഥാനങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടു. ബു­ധനാഴ്ച റിയോ ഡി ജനീറോയിലെ കോംപ്ലക്‌സോ ഡാ പെൻഹ ഏരിയയിൽ നടന്ന വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതാ­യാ­­ണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മയക്കുമരുന്ന് സം­ഘ നേതാക്കള്‍ യോഗം ചേരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോ­ര്‍ട്ടിനെ തുടര്‍ന്നാണ് കോംപ്ലക്‌സോ ഡാ പെൻഹയില്‍ നടപ­ടികള്‍ ആരംഭിച്ചത്.

ഏറ്റുമുട്ടലി­ല്‍ മയക്കുമരുന്ന് കടത്ത് സംഘ നേതാവുള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് വിവരം. വിലേ ക്രൂസീറോ ഫവേലയിലെ മയക്കുമരുന്ന് സംഘാംഗങ്ങള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിയോ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച തീരദേശ നഗരമായ ഗ്വാരുജയില്‍ പ്രത്യേക സംഘ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സാവോപോളോയില്‍ റെ­യ്ഡ് ആ­രംഭിച്ചത്. ഓപ്പറേഷൻ ഷീൽഡിന്റെ ഭാഗമായി സാവോപോളോയിൽ അഞ്ച് ദിവസമായി പൊലീസ് നടത്തിയ റെയ‍്ഡിനിടെ 14 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് സാവോ പോളോ ഗവർണർ ടാർസിസിയോ ഡി ഫ്രീറ്റാസ് പറഞ്ഞു.

പരിശോധനയ്ക്കിടെ 385 കിലോഗ്രാം മയക്കുമരുന്ന് പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ നടത്തിയ ഓപ്പറേഷനില്‍ 19 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബഹിയയിലെ സാൽവഡോർ, ഇറ്റാറ്റിം, കാമകാരി തുടങ്ങിയ മൂന്ന് നഗരങ്ങളില്‍ പൊലീസും മയക്കുമരുന്ന് സംഘാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇറ്റാലിമിൽ എട്ടുപേരും കാമകാരിയിൽ ഏഴുപേരും സാൽവഡോറിൽ നാലുപേരും കൊല്ലപ്പെട്ടു. മൂന്ന് ഓപ്പറേഷനുകളിലായി തോക്കുകളും ഫോണുകളും മയക്കുമരുന്നും പിടിച്ചെടുത്തു. ഗ്വാരുജയില്‍ നടന്ന ഓപ്പറേഷനില്‍ 58 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഗ്വാരുജയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ വിമര്‍ശനവുമായി നീതിന്യായ മന്ത്രി ഫ്ലാവിയോ ഡിനോ രംഗത്തെത്തി.

പൊലീസ് നടപടി മയക്കുമരുന്ന് കച്ചവടത്തെക്കാള്‍ അക്രമാസക്തമാണെന്ന് ഡിനോ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ മരണത്തിനു പ്രതികാരമെന്ന നിലയിലാണ് ഗ്വാരുജയില്‍ പൊലീസ് പരിശോധന നടത്തിയതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ വിമര്‍ശനമുന്നയിച്ചു. റിയോ ഡി ജനീറോയിലെ അക്രമവും സംഘടിത കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച സമീപ വര്‍ഷങ്ങളില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പൊലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവും വർധിച്ചുവരികയാണ്. 2020 മുതൽ, സാവോ പോളോ പൊലീസ് യൂണിഫോമില്‍ കാമറകള്‍ ഘടിപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് ശേഷം പൊലീസ് നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61 ശതമാനമായി കുറഞ്ഞായാണ് കണക്ക്. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഫെഡറൽ തലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി കൂടിയാണിത്.

Eng­lish Sum­ma­ry: Brazil: At least 45 killed in police’s anti-nar­cotics operations
You may also like this video

Exit mobile version