Site iconSite icon Janayugom Online

ലോകകപ്പ് കാണാത്ത 16 പേരുമായി ബ്രസീല്‍

പുതുപുത്തന്‍ ടീമിനെ അണിനിരത്തിയാണ് ഇത്തവണ ഖത്തര്‍ ലോകകപ്പിന് ബ്രസീല്‍ ഇറങ്ങുന്നത്. 26 അംഗ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു. ടീമില്‍ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല. മുപ്പത്തിയൊൻപതുകാരനായ ഡിഫൻഡർ ഡാനി ആൽവസാണ് സീനിയർ. ടീമിലെ 16 താരങ്ങൾ ഇതുവരെ ലോകകപ്പ് കളിക്കാത്തവരാണ്. റിയോയിലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്താണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. 

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ പരിശീലകനായിരുന്ന റിക്കാർഡോ ഗോമസ് ലോകകപ്പിൽ ടിറ്റെയുടെ സഹപരിശീലകനാകും. നെയ്മര്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ ആഴ്സണല്‍ താരം ഗബ്രിയേല്‍ ജീസസ്, റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ബാഴ്‌സയുടെ റഫീഞ്ഞ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി, ടോട്ടനത്തിന്റെ റിച്ചാര്‍ലിസണ്‍ എന്നിവര്‍ക്കാണ് ഗോളടിക്കാനുള്ള ചുമതല. 

കാസിമിറോയ്ക്കാകും മധ്യനിരയുടെ കടിഞ്ഞാണ്‍. ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ, ഫ്രഡ്, ഫാബിഞ്ഞോ, എന്നിവരുള്‍പ്പെടുന്ന നിരയ്ക്ക് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കളി ആവശ്യപ്പെടുമ്പോള്‍ സ്‌കോര്‍ ചെയ്യാനും മികവേറെ. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ പരിശീലന സൗകര്യങ്ങളാണ് ലോകകപ്പിനു മുൻപ് ബ്രസീൽ ഉപയോഗിക്കുക. 14ന് ടൂറിനിലെത്തുന്ന ടീം അഞ്ചു ദിവസം നീളുന്ന ക്യാമ്പിനു ശേഷം നവംബർ 19ന് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കു തിരിക്കും. നവംബർ 24ന് സെർബിയയ്ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. 

Eng­lish Summary:Brazil with 16 peo­ple who did not see the World Cup
You may also like this video

Exit mobile version