ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബി ആർ സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ”ചങ്ങാതിക്കൂട്ടം” പരിപാടി സംഘടിപ്പിച്ചു. കിടപ്പിലായ കുട്ടികളുടെ വീട്ടിൽ സഹപഠിതാക്കൾക്കും അധ്യാപകർക്കും ഒപ്പം ഒരു ദിനം ചെലവഴിക്കുക, അവരുടെ മാനസികോല്ലാസത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ലക്ഷ്യം.
ആല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവിക അരുണിന്റെ വീട്ടിൽ കൂട്ടുകാരും അധ്യാപകരും രക്ഷകർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരും ജനപ്രതിനിധികളും അടങ്ങുന്ന ചങ്ങാതിക്കൂട്ടം ഒത്തുകൂടി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ദേവികയുടെ കുടുംബത്തിന് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്തി 10 ലക്ഷം രൂപയുടെ വീട് നിർമ്മിച്ച് നൽകുന്നതിനുള്ള തീരുമാനം മന്ത്രി യോഗത്തിൽ അറിയിച്ചു. ഇതോടൊപ്പം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരെ ആദരിക്കുന്ന ”മാതൃവന്ദനം” എന്ന പരിപാടിയ്ക്ക് ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ. പൊന്നമ്മ നേതൃത്വം വഹിച്ചു.
ഭിന്നശേഷി വാരാചരണത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നൽകാനുള്ള സമ്മാനങ്ങൾ ചെങ്ങന്നൂർ വൈ ഡബ്ല്യൂ സി എ പ്രസിഡന്റ് അനു റെജി, ചെങ്ങന്നൂർ സിഐ ജോസ് മാത്യുവിന് നൽകിക്കൊണ്ട് ബി ആർ സിയ്ക്ക് കൈമാറി. യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ആല ഗ്രാമപഞ്ചായത്തംഗം ടി സി രാജീവ്, ബുധനൂർ ഓട്ടിസം സെന്റർ പി ടി എ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ, ആല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപിക അനു സൂസൻ, ക്ലസ്റ്റർ കോർഡിനേറ്റർ വി ഹരിഗോവിന്ദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.