Site iconSite icon Janayugom Online

സ്തനാര്‍ബുദം: പരിശോധനയും ചികിത്സയും

ഡോ. അനുപ്രിയ പി
മെഡിക്കൽ ഓങ്കോളജിസ്റ്റ്
എസ് യു ടി ഹോസ്‌പിറ്റൽ
പട്ടം തിരുവനന്തപുരം

 

ന്ന് ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്തനാര്‍ബുദം തടയുക, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തി പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുക, അര്‍ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങളില്‍ പൊതുജനാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമായ ഒരു ഘടകമായി മാറിയിരിക്കുകയാണ്.

 

ശരീരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും, സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, നേരത്തെയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം, അധികമായുള്ള ഹോര്‍മോണ്‍ ഉപയോഗം, തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്. സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തുവാന്‍ സാധിക്കും.

 

വേദനയുള്ളതോ, ഇല്ലാത്തതോ ആയ മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ്, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, മുലഞെട്ട് അകത്തേക്ക് വലിയുക, രക്തമയമുള്ളതോ, അല്ലാത്തതോ ആയ ശ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ, കഴുത്തിലോ ഉള്ള തടിപ്പുകള്‍ എന്നിവ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് വളരെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം സ്‌ക്രീനിംഗിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. കാന്‍സര്‍ സ്‌ക്രീനിംഗ് എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ കാന്‍സര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയാണ്. അതുവഴി രോഗം ഭേദമാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 

ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം സാധ്യമാണ്. വേദന രഹിതവും ചിലവ് കുറഞ്ഞതുമായ എക്‌സ്-റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യം. അതോടൊപ്പം തന്നെ ബയോപ്‌സി/കുത്തി പരിശോധനയും രോഗനിര്‍ണ്ണയത്തിന്റെ സാധ്യത കൂട്ടുന്നു. അള്‍ട്രാസൗണ്ട്, എംആര്‍ മാമോഗ്രാം എന്നിവയും രോഗനിര്‍ണ്ണയത്തിനുള്ള മറ്റു പരിശോധനാ രീതികളാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ ചികിത്സാ രീതികളിലൂടെ തന്നെ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. കാലതാമസം നേരിട്ടാല്‍ മറ്റു അവയവങ്ങളിലേക്ക് അര്‍ബുദം ബാധിക്കുവാനും ചികിത്സയെ സങ്കീര്‍ണ്ണമാക്കാനുമുള്ള സാധ്യത കൂട്ടുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാന്ത്വന പരിചരണത്തിലൂടെ ഒരു പരിധിവരെ രോഗ നിയന്ത്രണം സാധ്യമാകുന്നതാണ്.

Exit mobile version