Site iconSite icon Janayugom Online

മനംനിറച്ച് തലമാലി വെള്ളച്ചാട്ടം

അടിമാലി ടൗണിൽ നിന്ന് നോക്കിയാൽ മനോഹര കാഴ്ച്ചയൊരുക്കുന്ന വെള്ളച്ചാട്ടമാണ് തലമാലി വെള്ളച്ചാട്ടം. തലമാലി വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം മൺസൂൺകാലത്ത് അടിമാലി ടൗണിലൂടെ കടന്ന് പോകുന്നവരുടെ ഇഷ്ട കാഴ്ച്ചയാണ്. മഴ കനത്ത് പെയ്തതോടെ വേനലിൽ വരണ്ട തലമാലി വെള്ളച്ചാട്ടം ജലസമൃദ്ധമായി. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ചുവട്ടിൽ നിന്നാൽ ഇതിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാം. ടൗണിൽ നിന്നും അപ്സരകുന്ന് വഴി സഞ്ചരിച്ചാൽ ഏതാനും ദൂരം മാത്രമെ വെള്ളച്ചാട്ടത്തിലേക്കുള്ളു. 

അടിമാലി ടൗണിൽ നിന്നും യാത്ര ആരംഭിക്കുന്നത് മുതൽ ജല സമൃദ്ധിയിലെ പതഞ്ഞൊഴുകുന്ന ഇരമ്പലും രൗദ്രതയും കണ്ട് യാത്ര തുടരാം. വേനലിൽ വരളുന്ന തലമാലി വെള്ളച്ചാട്ടം ഒരോ വർഷക്കാലത്തും ഭംഗി തിരികെ പിടിക്കും. അടിമാലി ടൗണുമായി തൊട്ടുരുമി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കല്ലാർകുട്ടി റോഡിൽ നിന്നു നോക്കിയാൽ വ്യത്യസ്തമായ കഴ്ച്ചയാണ്. ഈ ഭംഗിയാസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ഇവിടേക്കെത്തുന്നവർ ചുരുക്കമാണ്. സന്ദർശകരുടെ കാര്യമായ സാന്നിധ്യമില്ലാത്തതിനാൽ വെള്ളം തല്ലിയൊഴുകുന്ന ഉരുളൻ കല്ലുകൾക്ക് പോലും വല്ലാത്തൊരു മനോഹാരിതയുണ്ട്. 

Exit mobile version