തമിഴ്‌നാട് നഗരസഭ ഭരണ‑ശുദ്ധജല വിതരണ വകുപ്പ് മന്ത്രി കെ എൻ നെഹ്‌റുവിനെതിരെ കൈക്കൂലി കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നഗരസഭ ഭരണ വകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിനെത്തുടർന്നാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് വിജിലൻസിനോട് കേസ് എടുക്കാൻ നിർദ്ദേശിച്ചത്.
മന്ത്രിക്കെതിരെ ഇ ഡി നൽകിയത് വെറും പരാതിയല്ലെന്നും, അഴിമതി നടന്നതിന് വ്യക്തമായ തെളിവുകൾ അടങ്ങിയ 232 പേജുള്ള രേഖകൾ കൈമാറിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി എൻ എസ് എസ് സെക്ഷൻ 173 പ്രകാരം 14 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്താമെന്നിരിക്കെ, സംസ്ഥാന സർക്കാർ അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകി.
2025 ഒക്ടോബറിലാണ് മന്ത്രി നെഹ്‌റുവും കൂട്ടാളികളും നഗരസഭ ഭരണ വകുപ്പിൽ ജോലിക്കായി പണം എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയതായി ഇ ഡി തമിഴ്‌നാട് ഡി ജി പിക്ക് കത്തയച്ചത്. അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് എ ഐ എ ഡി എം കെ രാജ്യസഭാംഗം ഐ എസ് ഇൻബദുരൈ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിജിലൻസ് മാനുവൽ പ്രകാരം അന്വേഷണം തുടങ്ങിയതായും ഇ ഡിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചെങ്കിലും, കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാൻ കോടതി കർശന നിലപാടെടുത്തു.

