Site iconSite icon Janayugom Online

കോഴ വിവാദം: ഹൈക്കോടതി ജാമ്യം തിരിച്ചുവിളിച്ചു

അഭിഭാഷകനായ സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
അനുകൂല വിധി വാങ്ങി നൽകാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി. കേസ് വീണ്ടും കേൾക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്. ഈ കേസിൽ അഡ്വ. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 

ജാതിപ്പേര് വിളിച്ചെന്ന കേസിൽ റാന്നി സ്വദേശിയാണ് പരാതിക്കാരൻ. റാന്നി പൊലീസ് സ്റ്റേഷനിൽ പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ ജാമ്യഹർജി വന്നതിനുപിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്ക് ആയിരുന്നു നിർദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോൾ നോട്ടിസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്. സൈബി ജോസ് ആയിരുന്നു പ്രതികൾക്കുവേണ്ടി ഹാജരായത്. കേസിൽ ജസ്റ്റിസ് സിയാദ് റഹ്മാന് 50 ലക്ഷം രൂപ നൽകാനെന്ന പേരിൽ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ ജാമ്യഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്കു ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ഈ ഹർജി പരിഗണിച്ചുകൊണ്ട് സിയാദ് റഹ്‌മാൻ തന്നെയാണ് അദ്ദേഹം നൽകിയ മുൻകൂർ ജാമ്യ ഉത്തരവ് പിൻവലിച്ചത്. മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Bribery Con­tro­ver­sy: High Court Recalls Bail

You may like this video also

Exit mobile version