Site iconSite icon Janayugom Online

പ്രമേഹ മരുന്ന് അനുമതിക്ക് കൈക്കൂലി; ജോയിന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറസ്റ്റില്‍

പ്രമേഹബാധിതര്‍ക്കുള്ള ഇന്‍സുലിന്‍ അസ്പാര്‍ട്ട് കുത്തിവയ്പ് (ബിഅസ്പാര്‍ട്ട്) അനുമതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ജോയിന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഈശ്വര റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ബാധിതര്‍ക്കായി ബയോകോണ്‍ ബയോളജിക്സ് വികസിപ്പിച്ചെടുത്ത ഇന്‍സുലിന്‍ അസ്പാര്‍ട്ടിന്റെ മൂന്നാംഘട്ട പരീക്ഷണം ഉപേക്ഷിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് റെഡ്ഡി പിടിയിലായത്. റെഡ്ഡിക്ക് കൈക്കൂലി നല്‍കിയ സിനെര്‍ജി നെറ്റ്‌വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ദിനേഷ് ദുവയേയും സിബിഐ അറസ്റ്റ് ചെയ്തു. കൈക്കൂലി കൈമാറുന്നതിനിടെയാണ് ഇരുവരേയും സിബിഐ പിടികൂടുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സിബിഐ പ്രതികരിച്ചു.
ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോണ്‍ ഓര്‍ഗനൈസേഷനി(സിഡിഎസ്‌സിഒ)ലാണ് റെഡ്ഡി സേവനം അനുഷ്ഠിച്ചിരുന്നത്. ബയോലോജിക്സ് ലിമിറ്റഡിന്റെ ബംഗളുരു വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് എല്‍ പ്രവീണ്‍ കുമാര്‍, അസിസ്റ്റന്റ് ഡ്രഗ് ഇന്‍സ്പെക്ടര്‍ അനിമേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജആധാരം നിര്‍മ്മിക്കുക, അഴിമതി എന്നിവ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സിബിഐ അറിയിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ശാസ്ത്രീയവും ആധികാരികവുമായ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബിഅസ്പാര്‍ട്ട് എന്ന പ്രമേഹ മരുന്നിന് അനുമതി തേടിയതെന്നും മരുന്ന് കമ്പനി പറയുന്നു. യൂറോപ്പിലും പുറത്തും നിരവധി രാജ്യങ്ങള്‍ മരുന്നിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ബയോലോജിക്സ് ലിമിറ്റഡിന്റെ വക്താവ് അറിയിച്ചു.
Eng­lish sum­ma­ry; Bribery for dia­betes drug license; Joint Drugs Con­troller Arrested

You may also like this video;

Exit mobile version