Site iconSite icon Janayugom Online

പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങി; പൊലീസുകാരൻ വിജിലൻസ് പിടിയില്‍

പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെവി ഉമർ ഫാറൂഖിനെയാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ് ഡിവൈഎസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നീക്കം.

പാസ്പോർട്ട് വെരിഫിക്കേഷന് ചക്കരക്കല്ല് സ്വദേശിയിൽനിന്ന് 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് പരാതി കൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചക്കരക്കല്ല് ഗവ. ആശുപത്രിക്ക് മുൻവശം ഫിനോഫ്തലിൻ പുരട്ടിയ രണ്ട് 500 രൂപയുടെ നോട്ട് കൈമാറുമ്പോൾ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏഴോടെ അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത്, സി.ഐമാരായ പി.ആർ. മനോജ്, വിനോദ്, അജിത്ത് കുമാർ, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉമർ ഫാറൂഖിനെ പിടികൂടിയത്.

Eng­lish Summary:bribery for pass­port ver­i­fi­ca­tion; The police­man is under vigilance

You may also like this video

Exit mobile version