Site iconSite icon Janayugom Online

തിഹാര്‍ ജയിലില്‍ കൈക്കൂലി; ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൈക്കൂലി, പണം തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മൂന്ന് അന്തേവാസികള്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ജയിലിനുള്ളിലെ വിവിധ സൗകര്യങ്ങൾക്കായി തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിനും ശാരീരികവും മാനസികവുമായ പീഡനത്തിലൂടെ പണം തട്ടിയെടുത്തതിനും മൂന്ന് അസിസ്റ്റന്റ് സൂപ്രണ്ടുമാർ, മറ്റ് രണ്ട് ജീവനക്കാർ, മൂന്ന് തടവുകാർ എന്നിവർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ സഞ്ജയ് ലാവോ അറിയിച്ചു.
തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ തടവുകാരില്‍ നിന്നും പണം വാങ്ങി അനധികൃത സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നുവെന്ന് ആരോപിച്ച് മോഹിത് കുമാര്‍ എന്ന ജുഡിഷ്യല്‍ കസ്റ്റഡി തടവുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരുള്‍പ്പെട്ട ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും അന്തേവാസികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ രാജേഷ്, പവൻ, അമിത്, ഹെഡ് വാർഡന്‍ അജിത് പാസ്വാൻ, വാർഡന്‍ രാകേഷ് ചൗഹാൻ, തടവുകാരായ അജറുദ്ദീൻ, രാഹുൽ ഗുപ്ത, മോഹിത് എന്നിവരാണ് പ്രതികള്‍. മറ്റ് ഉദ്യോഗസ്ഥരുടെയും വ്യക്തികളുടെയും പങ്കും സിബിഐ അന്വേഷിക്കും. ജയിലില്‍ സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടുവെന്നും നിരാകരിച്ചതോടെ സഹതടവുകാരെക്കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പിഡിപ്പിക്കുകയും ചെയ്തതായി മോഹിത് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
പണം നലകിയ തടവുകാര്‍ക്ക് അനധികൃതമായി മൊബൈൽ ഫോൺ അനുവദിച്ചു. ലാന്റ് ഫോണ്‍ ഉപയോഗം, മികച്ച ഭക്ഷണം, ജയിലിനുള്ളിൽ കൂടുതൽ സ്വാതന്ത്ര്യം തുടങ്ങിയ സൗകര്യങ്ങൾക്കായി തടവുകാരിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നാണ് സിബിഐ എഫ്ഐആറില്‍ പറയുന്നത്. 

Exit mobile version