ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 10 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. മഹിസാഗർ നദിക്ക് കുറുകെയുള്ള, 43 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ഈ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും ടെൻഡർ ജോലികളും ആരംഭിച്ച പശ്ചാത്തലത്തിലാണ് ദാരുണ സംഭവം.
എൻഡിആർഎഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും. സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം സഹായമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.

