Site iconSite icon Janayugom Online

ബിഹാറില്‍ 13 കോടിയുടെ പാലം തകര്‍ന്നുവീണു; അപകടം ഉദ്ഘാടനം നടക്കാനിരിക്കെ

ബിഹാറില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നുവീണു. ബിഹാറിലെ ബെഗുസരായിജില്ലയിലാണ് സംഭവം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലം തകര്‍ന്നത്. ബുര്‍ഹി ഗന്ധക് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലം നിര്‍മ്മിച്ചിട്ട് അഞ്ച് വര്‍ഷമായിരുന്നു. എന്നാല്‍ പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാല്‍ തുറന്നുകൊടുത്തിരുന്നില്ല.

അപകടം പുലര്‍ച്ചെയായതിനാല്‍ പാലത്തിനുമുകളില്‍ ആളുണ്ടായിരുന്നില്ല. 206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്- മൂന്ന് തൂണുകള്‍ക്കിടയിലെ ഭാഗം തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തില്‍ കഴിഞ്ഞ ദിവസം വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മാ ഭഗവതി എന്ന പേരിലുള്ള കമ്പനിയാണ് പാലത്തിന്റേയും റോഡിന്റേയും നിര്‍മാണം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകിയത്.

Eng­lish Sum­ma­ry: Bridge col­laps­es in Bihar before inauguration
You may also like this video

Exit mobile version