Site icon Janayugom Online

ബ്രിജ് ഭൂഷണ്‍ സ്ഥിരം കുറ്റവാളി

മുൻ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരൺ സിങ് വനിതാ ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് കുറ്റപത്രം. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. സ്ഥിരം കുറ്റവാളിയെന്നാണ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷണെ പരാമര്‍ശിക്കുന്നത്.

താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷണ്‍ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം നാല് വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഇയാളെ വിചാരണ നടത്തി ശിക്ഷ നൽകണമെന്നും കുറ്റപത്രത്തിൽ പറയുന്നു. തുടർച്ചയായി അതിക്രമങ്ങൾ നടത്തിയെന്നാണ് സാക്ഷികളുടെ മൊഴി.

15 സാക്ഷികളാണ് ആരോപണങ്ങൾ ശരിവയ്ക്കുന്ന മൊഴികൾ നൽകിയിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ മാസങ്ങളോളം നീണ്ട സംഭവ ബഹുലമായ സമരത്തെ തുടർന്നാണ് ബ്രിജ് ഭൂഷണെതിരെ പൊലീസ് കേസെടുത്തത്. ജനുവരിയിലാണ് ഗുസ്തി താരങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയെ വനിതാ താരങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി നിയമിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടികളുണ്ടാകാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിച്ചു.

താരങ്ങൾ പ്രതിഷേധമാരംഭിച്ചതോടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കേസെടുത്തത്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് നടക്കാ‌ത്തതിനാല്‍ താരങ്ങളുടെ പ്രതിഷേധത്തിന് രാജ്യവ്യാപകമായി പിന്തുണയും ലഭിച്ചിരുന്നു.

Eng­lish Sam­mury: For­mer Wrestling Fed­er­a­tion Pres­i­dent Brij Bhushan is a habit­u­al offender

Exit mobile version