Site icon Janayugom Online

ബ്രിജ് ഭൂഷണിന്റെ നുണ പരിശോധന തത്സമയം സംപ്രേക്ഷണം ചെയ്യണം; ഗുസ്തി താരങ്ങളും നുണ പരിശോധനയ്ക്ക് തയ്യാര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മെയ് 27നുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള വനിതകള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയുമെന്ന് ഖാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചു.

തങ്ങള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഗുസ്തി താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ നുണ പരിശോധന നടത്തുകയാണെങ്കില്‍ അത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും വിനേശ് ഫോഗട്ട് പറഞ്ഞു. വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ നിരപരാധിയാണെങ്കില്‍ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ പറഞ്ഞു. അതേസമയം ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം 23നാണ് ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ സമരം വീണ്ടും പുനരാരംഭിച്ചത്. സമരം ഒരു മാസം പിന്നിടുമ്പോള്‍ ബ്രിജ് ഭൂഷണിന് എതിരെ നടപടിയെടുക്കുവാന്‍ ഡല്‍ഹി പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പാര്‍ലമെന്റ് വളപ്പില്‍ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ ജന്തര്‍മന്തറില്‍ ധര്‍ണ നടത്തും. നാളെ വൈകിട്ട് 5 മണിക്ക് ഇന്ത്യാ ഗേറ്റിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry; Brij Bhushan’s lie detec­tor test to be tele­cast­ed live; The wrestlers are also ready for the lie test

You may also like this video

Exit mobile version