മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന തോക്ക് രാജ്യത്തുനിന്നും പുറത്തേക്ക് കടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍. 1793 നും 1794 നും ഇടയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് വിലയിരുത്തുന്ന അപൂര്‍വമായ തോക്ക് പക്ഷികളെ വെടിവെയ്ക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ ആര്‍ട്സ് ആന്‍ഡ് ഹെറിറ്റേജ് മന്ത്രി ലോര്‍ഡ് പാര്‍ക്കിന്‍സണ്‍ ആണ് തോക്ക് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചത്. രണ്ട് ദശലക്ഷം ബ്രീട്ടിഷ് പൗണ്ട് വിലയുള്ള അപൂര്‍വമായ തോക്കിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടിഷ് സ്ഥാപനം നല്‍കിയ ആവശ്യം നിരാകരിക്കുന്നതായും പാര്‍ക്കിന്‍സണ്‍ കൂട്ടിചേര്‍ത്തു.
ടിപ്പു സുല്‍ത്താനുമായി ഏറ്റുമുട്ടിയ ബ്രിട്ടിഷ് ജനറല്‍ കോണ്‍വാലീസ് പ്രഭുവിനു സമ്മാനമായി കിട്ടിയ തോക്ക് നിലവില്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സുക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനുമായി നടന്ന യുദ്ധത്തിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും സാക്ഷിയായ അമൂല്യമായ ഒന്നാണ് തോക്കെന്ന് പാര്‍ക്കിന്‍സണ്‍ അഭിപ്രായപ്പെട്ടു. രണ്ടു രാജ്യങ്ങളുടെയും നിര്‍മ്മിതിയില്‍ പ്രധാന സ്ഥാനമാണ് ടിപ്പുവിന്റെ തോക്കിനുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൈസൂര്‍ സിംഹമെന്ന് അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ 1799 ല്‍ ബ്രിട്ടിഷുകാരുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മരണശേഷം ടിപ്പുവിന്റെ ശേഖരത്തിലുണ്ടായിരുന്ന അമൂല്യ വസ്തുക്കള്‍ ബ്രിട്ടിഷുകാര്‍ ലണ്ടനിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം ടിപ്പു സുൽത്താന്റെ വാള്‍ ലേലത്തില്‍ വിറ്റുപോയത് 14 ദശലക്ഷം പൗണ്ട്(140 കോടി രൂപ) വിലയ്ക്കായിരുന്നു. സ്വര്‍ണപ്പിടിയുള്ള ഈ വാളിന്റെ നീളം 100 സെന്‍റിമീറ്ററാണ്. വാള്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലേലസ്ഥാപനം പുറത്തുവിട്ടിട്ടില്ല.
English Summary;British export ban on Tipu Sultan’s gun
You may also like this video