Site icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: പിന്തുണ നഷ്ടപ്പെട്ട് റിഷി സുനക്; മുന്നേറ്റവുമായി ലിസ് ട്രസ്

Rishi Sunak

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് പിന്തുണയേറുന്നു. കാബിനറ്റ് മന്ത്രിമാരുടെ പിന്തുണ നേടിയാണ് ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ ലിസ് ട്രസ് പിന്നിലാക്കിയത്. ടോറി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ പുതിയ സർവേ പ്രകാരം കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ റിഷി സുനകിനെക്കാൾ 22 പോയിന്റ് ലീഡ് നിലനിർത്തുന്നത് ലിസ് ട്രസാണ്.
570 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കിടയില്‍ ദ ഒബ്‍സര്‍വര്‍ ദിനപത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ലിസ് ട്രസിന് 61 ശതമാനവും റിഷി സുനകിന് 39 ശതമാനവുമാണ് പിന്തുണ. ബോറിസ് ജോണ്‍സണിന്റെ വിശ്വസ്തനായിരുന്ന് വിമത നീക്കത്തിലൂടെ അദ്ദേഹത്തെ പുറത്താക്കിയതാണ് റിഷി സുനകിന് തിരിച്ചടിയാകുന്നത്. റിഷിയുടെ നടപടി അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തി. റിഷി സുനകിന്റെ സാമ്പത്തിക നയങ്ങളെ മാനിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹം സത്യസന്ധനോ വിശ്വസ്തനോ അല്ലെന്ന അംഗങ്ങള്‍ക്കിടയിലെ കാഴ്ചപ്പാട് മറികടക്കാന്‍ ഇത് പര്യാപ്തമല്ല. യുവാക്കള്‍ക്കിടയിലാണ് റിഷി സുനകിന് പിന്തുണ കൂടുതല്‍.
മുതിര്‍ന്ന നേതാക്കള്‍ ലിസ് ട്രസിനൊപ്പമാണ്. 22 ശതമാനം പേര്‍ സമ്പദ്‍വ്യവസ്ഥ കെെ­കാര്യം ചെയ്യുന്നതില്‍ റിഷി സുനക് മികച്ചതായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. റിഷി സുനകിനെ പിന്തുണച്ചിരുന്ന മു­തിര്‍ന്ന കാബിനറ്റ് മന്ത്രി റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് ലിസ് ട്രസ് ക്യാ­മ്പിലേക്ക് മാറിയിരുന്നു. ഇ­ത്തരത്തില്‍ കൂറുമാറുന്ന ആദ്യത്തെ ഉന്നത വ്യക്തി കൂടിയാണ് ബക്ക്‌ലാന്‍ഡ്. ഞങ്ങള്‍ക്ക് ആ­വ­ശ്യമുള്ളത് ഉള്‍ക്കൊള്ളുന്നു’ എ­ന്ന് തോന്നിയതിനാലാണ് തെ­രഞ്ഞെടുപ്പിലെ ആദ്യ ഘട്ടങ്ങളില്‍ റിഷി സുനകിനെ പിന്തുണച്ചതെന്നായിരുന്നു ബക്ക്‌ലാന്‍ഡിന്റെ പ്രതികരണം.
രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശരിയായ വ്യക്തി ലിസ് ട്രസ് ആണെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന വളര്‍ച്ച, വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് യുകെയുടെ സാധ്യതകള്‍ വളര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് അവരുടെ പദ്ധതികള്‍ എന്നായിരുന്നു ‘ദ ഡെ­യ്‍ലി ടെലിഗ്രാഫ്’ എന്ന മാസികയില്‍ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് എഴുതിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക് ഒന്നാമതെത്തിയിരുന്നു. എന്നാല്‍ അവസാനഘട്ടങ്ങളില്‍ അഭിപ്രായ സര്‍വേകളിലും ടെലിവിഷന്‍ സംവാദങ്ങളിലും ലിസ് ട്രസ് മുന്നിലെത്തി.
ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ് തന്നെ എത്തും എന്നാണ് ഭൂരിഭാഗം സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത്. അഞ്ചിന് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: British Prime Min­is­ter Elec­tion: Rishi Sunak los­es sup­port; Liz Truss with the breakthrough

You may like this video also

Exit mobile version