Site iconSite icon Janayugom Online

ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ കൈലാഷ് , വസിം എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കൈലാഷ് ഇന്‍സ്റ്റഗ്രാം വഴി ബ്രിട്ടീഷ് വനിതയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തിയ യുവതി മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിച്ചതിനുശേഷം കൈലാഷിനെ കാണുന്നതിനായി ഡല്‍ഹിയില്‍ എത്തുകയായിരുന്നു. ഡല്‍ഹിയിലെത്തിയ യുവതി ഹോട്ടലില്‍ മുറിയെടുത്തു.

കൈലാഷ് സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിലേക്ക് എത്തി മൂവരും ചേര്‍ന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കിയത്. ഡല്‍ഹി മഹിപാല്‍പൂരിലെ ഹോട്ടലില്‍ വച്ചാണ് സംഭവം. പിന്നാലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.

Exit mobile version