Site iconSite icon Janayugom Online

ഇഡിയുടെ വിശാല അധികാരം; കോടതി വിധി അപകടകരമെന്ന് 17 പ്രതിപക്ഷപാര്‍ട്ടികള്‍

സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ള വിശാല അധികാരങ്ങള്‍ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍.
സുപ്രീംകോടതിയുടെ വിധി അപകടകരമെന്ന് 17 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. അപകടകരമായ വിധിക്ക് ഹ്രസ്വായുസ്സായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഭരണഘടനാ വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്നും പ്രസ്താവനയില്‍ പാര്‍ട്ടികള്‍ പറയുന്നു.
സിപിഐ, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ജൂലൈ 27 നാണ് 2019ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍(പിഎംഎല്‍എ) നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച്‌ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച 242 ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരവും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ശരിവച്ചിരുന്നു.
കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമുന്നത നേതാക്കളെയടക്കം നിരന്തരം വേട്ടയാടുന്ന തരത്തില്‍ ഇഡി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് എതിര്‍പ്പ് ശക്തമായിരിക്കുന്നത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Broad pow­ers of ED; 17 oppo­si­tion par­ties that the court ver­dict is dangerous

You may like this video also

Exit mobile version