Site iconSite icon Janayugom Online

ഇറച്ചിക്കോഴി വില കുതിക്കുന്നു

കുതിച്ചുയർന്ന് സംസ്ഥാനത്തെ ഇറച്ചിക്കോഴിവില. കിലോയ്ക്ക് 165 രൂപയാണ് നിലവിലെ വില. നേരത്തേ ഇത് 100- 110 രൂപ ആയിരുന്നു. ഇറച്ചിക്കോഴിയുടെ വില ഉയർന്നതോടെ ഹോട്ടൽ, കാറ്ററിങ് മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. വിലകൂട്ടാതെ മറ്റുമാർഗ്ഗമില്ലെന്ന അവസ്ഥയിലാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
രണ്ടുകിലോ തൂക്കമുള്ള ഇറച്ചിക്കോഴിയിൽനിന്ന് ഒന്നരകിലോയോളം ഇറച്ചിയാണ് ലഭിക്കുന്നത്. 45 ദിവസം പ്രായമാകുന്നവയെ ആണ് സാധാരണ വിൽക്കാറുള്ളുവെങ്കിലും തീറ്റയുടെ വില ഉയർന്ന സാഹചര്യത്തിൽ പലരും 35–40 ദിവസത്തിന്നുള്ളിൽ വിറ്റഴിക്കുകയാണ്. എട്ടു മാസം മുമ്പ് വരെ ഒരു ചാക്ക് കോഴി തീറ്റയുടെ വില 1,400 രൂപയായിരുന്നു. ഇപ്പോൾ 2100 മുതൽ 2500 വരെയാണ് . 600 മുതൽ 1000 രൂപ വരെയാണ് വർധിച്ചിട്ടുള്ളത്. ആയിരം കോഴികളുള്ള ഫാമിലേക്ക് 72 ചാക്ക് കോഴിത്തീറ്റ വേണം. ഒരു കോഴിക്ക് 3.5 കിലോ തീറ്റ ആവശ്യമുണ്ട്. കോഴിത്തീറ്റ കൂടാതെ കോഴികുഞ്ഞുങ്ങളുടെ വിലയും ഇവയ്ക്ക് നൽകുന്ന മരുന്നുകളുടെ വിലയും വർധിച്ചു. ഇത്തരത്തിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി പരിചരിച്ച് അതാത് ഏജൻസികൾക്ക് കൈമാറുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് പൗൾട്രി ഉടമകൾ പറഞ്ഞു.
സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൂട് കുടുന്നതിനാൽ ഇറച്ചിക്കോഴിക്ക് പതിവിലും വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി വൻവർധനവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ കോഴി ഉല്പാദനം കുറഞ്ഞതും വില വർധിക്കാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു. നിലവിൽ തമിഴ്‌നാട്ടിൽ നിന്നാണ് കോഴി ഇറക്കുമതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.

Eng­lish sum­ma­ry; Broil­er prices are soaring

You may also like this video;

Exit mobile version