Site iconSite icon Janayugom Online

അമ്മയ്ക്ക് വെങ്കലം, മകള്‍ക്ക് സ്വര്‍ണം

കായിക കുടുംബം, അമ്മ മുൻ ദേശീയ മീറ്റിലെ വെങ്കല മെഡല്‍ ജേതാവ്, അച്ഛൻ എക്‌സൈസ് വകുപ്പ് കായികമേളയിലെ മെഡല്‍ വാരിയ താരം. സീനിയര്‍ പെണ്‍കുട്ടികളുടെ 500 ഗ്രാം ജാവലിൻ ത്രോയില്‍ ഇടുക്കി എംകെഎൻഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ മകള്‍ അവന്തിക ഇന്നലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുകയും ചെയ്തു. അമ്മയെ സാക്ഷിനിറുത്തി അവന്തിക ജാവലിൻ പായിച്ചത് 33.94 മീറ്റര്‍ ‍ദൂരത്തില്‍.
1990ൽ കോട്ടയം കായികമേളയിൽ 100 മീറ്റര്‍ ഹർഡിൽസിലാണ് മിനിജ വെങ്കല മെഡൽ നേടിയത്. 

കായികാധ്യാപികയായ അമ്മയുടെ ശിക്ഷണത്തിൽ ഇറങ്ങിയ ആദ്യ സംസ്ഥാന മീറ്റിൽ തന്നെ സ്വർണം നേടിയ സന്തോഷത്തിലാണ് അവന്തിക. ഇടുക്കി എൻആർ സിറ്റിയിലെ എസ്എൻവിഎച്ച്എസ്എസിലെ കായികാധ്യാപികയായിരുന്നു മിനിജ. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം മക്കളായ അവന്തികയേയും ചേച്ചി അനാർക്കലിയേയും കൂടെ കൂട്ടിയിരുന്നു. അനാർക്കലി ട്രിപ്പിൾ ജമ്പ്, ഹൈജമ്പുകളില്‍ തിളങ്ങി. അവന്തികയ്ക്ക് ജാവലിനും നൽകി.
33.79 മീറ്റർ എറിഞ്ഞ പാലക്കാട് കോട്ടായി ജിഎച്ച്എസ്എസിലെ അഭിന സി ആർ വെങ്കലവും 31.69 മീറ്റർ എറിഞ്ഞ കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ ഇവാന റോസ് സുനിൽ വെങ്കലവും നേടി. 

Exit mobile version