ആവശ്യത്തിന് ലാൻഡ് ഫോൺ ഉപഭോക്താക്കളെ കിട്ടാതെ വരുന്നത് സംസ്ഥാനത്ത് ബിഎസ്എൻഎല്ലിന് വൻ സാമ്പത്തിക ബാധ്യതയേറുന്നതായി റിപ്പോർട്ട്. ഇതോടെ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ നീക്കം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 100 എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടും.
ലാൻഡ്ഫോൺ കണക്ഷനുകൾ തീരെക്കുറവുള്ള എക്സ്ചേഞ്ചുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ കണക്ഷനുകൾ കോപ്പർ ലൈനിൽ നിന്ന് ഒപ്റ്റിക്കൽ ഫൈബറിലേക്ക് മാറ്റും. ഇതോടെ, ലാൻഡ്ഫോൺ കണക്ഷനുകൾ നൽകുന്നതും പരിപാലിക്കുന്നതുൾപ്പടെയുള്ള ചുമതല പൂർണമായും സ്വകാര്യ കമ്പനികളിലേക്ക് വഴിമാറും. ഇപ്പോഴും ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ നൽകുന്നത് സ്വകാര്യ കമ്പനികളാണ്.
സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോപ്പർ ലൈനിൽ നിന്ന് ഒപ്റ്റിക്കൽ ഫൈബറിലേക്ക് മാറുന്നതെന്നാണ് ബിഎസ്എൻഎൽ അധികൃതർ പറയുന്നത്. സംസ്ഥാനത്ത് ബിഎസ്എൻ എല്ലിന് ആകെ 1,230 ടെലിഫോൺ എക്സ്ചേഞ്ചുകളുണ്ട്. ആകെ 5.40 ലക്ഷം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും 3.71 ലക്ഷം ലാൻഡ് ലൈൻ കണക്ഷനുകളുമാണ് ഇവയിലുള്ളത്.
ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്കുള്ള ഉപഭോക്താക്കളുടെ കൂടുമാറ്റവും തുടർച്ചയായി ഉണ്ടാകുന്ന തകരാറുകളും, സ്പെയർ പാട്സുകളുടെ ദൗർലഭ്യവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി. ഇക്കാരണങ്ങളാൽ 2008 മുതൽ ഉപഭോക്താക്കളുടെ കൊഴിഞ്ഞ് പോക്ക് ആരംഭിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 8.12 ലക്ഷം ലാൻഡ് ഫോൺ കണക്ഷനുകളാണ് കേരളത്തിൽ നിന്നും ഉപേക്ഷിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട ലാൻഡ് ഫോൺ കണക്ഷനുകൾ തിരിച്ച് പിടിക്കാൻ ബിഎസ്എൻഎൽ നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു.
സൗജന്യ കോളുകളും ഓഫറുകളും പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും ഉപഭോക്താക്കളെ തിരികെ എത്തിക്കാൻ കഴിഞ്ഞില്ല. പഴയ ലാൻഡ് ഫോൺ വരിക്കാർക്ക് അതേ നമ്പർ നിലനിർത്തി കൊണ്ടുതന്നെ ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ കഴിയുമെന്ന പ്രഖ്യാപനത്തിനും കാര്യമായ സ്വീകര്യത ലഭിച്ചില്ല. കൂടുതൽ സ്വകാര്യ ടെലിഫോൺ സേവന ദാതാക്കൾ രംഗത്തെത്തിയതോടെ ഉപഭോക്താക്കളെ വിളിച്ച് കണക്ഷൻ നൽകുന്ന സാഹചര്യത്തിലേക്ക് ബിഎസ്എൻഎൽ മാറിയിരുന്നു.
English Summary: BSNL has no landline customers; Closing of telephone exchanges
You may also like this video