Site iconSite icon Janayugom Online

വമ്പന്‍ തിരിച്ചുവരവ് നടത്തി ബിഎസ്എന്‍എല്‍; 9.1 കോടി കടന്ന് വരിക്കാരുടെ എണ്ണം

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍ന്റെ (ബിഎസ്എൻഎൽ) മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. തകര്‍ച്ചാ ഭീഷണി മറികടന്ന് വരിക്കാരുടെ 9.1 കോടി കവിഞ്ഞു. ബിഎസ്എൻഎല്ലില്‍ ഉപഭോക്താക്കള്‍ക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്റെ സൂചനയാണിതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

2024 ജൂണ്‍ മാസത്തിൽ ബിഎസ്എൻഎല്ലിന് 8.5 കോടി മാത്രം വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 9.1 കോടിയായി ഉയര്‍ന്നു. 13 ലക്ഷം പുതിയ വരിക്കാരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബിഎസ്എൻഎൽ  ചേർത്തുവെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ഇത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ്. രാജ്യത്തുടനീളം ബിഎസ്എൻഎൽ ഭാഗികമായി 4G സേവനങ്ങൾ ആരംഭിച്ചതും ഗ്രാമീണ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബ്രാൻഡിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം  വർധിച്ചുവരുന്നത് വ്യക്തമാകുന്നുണ്ടെന്നും  ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

2024 ജൂലൈയിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചപ്പോൾ, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ കാരണം നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്.

 

Exit mobile version