Site iconSite icon Janayugom Online

ബിഎസ്എന്‍എല്‍ അനാസ്ഥ; സര്‍ക്കാരിന് 1,757.56 കോടി നഷ്ടം

അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിട്ട വകയില്‍ സ്വകാര്യ ടെലികോം ഭീമനായ അംബാനിയുടെ റിലയന്‍സ് ജിയോക്ക് മോഡി സര്‍ക്കാരിന്റെ ഔദാര്യം. 10 വര്‍ഷം ബിഎസ്എന്‍എല്‍ അടിസ്ഥാന സൗകര്യം പങ്കിട്ട വകയില്‍ ജിയോ 1,757.56 കോടി രൂപ മുടക്കം വരുത്തിയെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. 2014 മുതല്‍ 24 വരെ കാലഘട്ടത്തില്‍ ബിഎസ്എന്‍എല്‍ ജിയോക്ക് നോട്ടീസ് നല്‍കാത്തതുകാരണം ഖജനാവിന് 1,757.56 കോടിയുടെ സാമ്പത്തിക നഷ്ടം നേരിട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എന്‍എല്‍ അധികൃതരുടെ അനാസ്ഥയാണോ കേന്ദ്രത്തിന്റെ ഒത്തുകളിയാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ നിഷ്ക്രിയ ആസ്തികള്‍ വിവിധ ടെലികോം കമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കാറുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് ജിയോ നല്‍കേണ്ട തുകയ്ക്കായി കരാര്‍ പ്രകാരമുള്ള ബില്‍ നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ പരാജയപ്പെട്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. കൃത്യമായി ലഭിക്കേണ്ട കരാര്‍ തുക പിരിച്ചെടുക്കുന്നതില്‍ അധികൃതര്‍ ഉദാസീനത പുലര്‍ത്തി. പിഴപ്പലിശ അടക്കമുള്ള തുക ഈടാക്കുന്നതിലും മാനേജ്മെന്റ് ജാഗ്രത കാട്ടിയില്ല. 

പാസീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ് കരാര്‍ പ്രകാരം 2014 മേയ് മുതല്‍ 10 വര്‍ഷത്തേക്ക് അധിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ ബില്‍ ജിയോയ്ക്ക് നല്‍കിയില്ലെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇതിന് പുറമേ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സിന് നല്‍കിയ വരുമാന വിഹിതത്തില്‍ നിന്ന് ലൈസന്‍സ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിലും ബിഎസ്എന്‍എല്‍ പരാജയപ്പെട്ടതിനാല്‍ 38.36 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ടായിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം വന്നിട്ടില്ല. ദക്ഷിണേഷ്യയിലെ മുന്‍നിര ടെലികോം കമ്പനിയായിരുന്ന ബിഎസ്എന്‍എല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അധഃപതനത്തിലേക്ക് കൂപ്പുകുത്തിയത്. 

Exit mobile version