Site iconSite icon Janayugom Online

പഴയ പ്രതാപത്തിലേക്ക് ‘ബിഎസ്എൻഎൽ സഞ്ചാരം’

കോർപറേറ്റ് ഭീമന്മാരായ സ്വകര്യ ടെലികോം സേവനദാതാക്കൾ നിരക്ക് വർധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എൻഎല്ലിന്. ഒരു മാസത്തിനിടെ കേരളത്തിൽ ഒരു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് ലഭിച്ചു. പ്രതിദിനം കേരളത്തിൽ മൂവായിരത്തിലധികം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിനെ തേടിയെത്തുന്നത്. 

ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് 29,511 പുതിയ ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് കടന്നു വന്നത്. ഇതിൽ 13,858 പേർ പോർട്ടിങ് സംവിധാനം വഴിയാണ് മാറിയത്. ജൂലൈയിൽ 91,479 പേർ ബിഎസ്എൻഎൽ കസ്റ്റമറായി മാറിയതിൽ 34,466 പേരും സിം പോർട്ട് ചെയ്തതാണ്.
കഴിഞ്ഞ മാസം മുതലാണ് രാജ്യത്ത് മറ്റ് പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധിച്ചത്. ഒരു ജിബി ഇന്റർനെറ്റ് ഡേറ്റയും അൺലിമിറ്റഡ് കോളും ലഭിക്കുന്ന 28 ദിവസത്തെ ചുരുങ്ങിയ പ്ലാനുകൾക്കായി സ്വകാര്യ കമ്പനികള്‍ പ്രതിദിനം 10.7 രൂപ ഈടാക്കുമ്പോൾ ബിഎസ്എൻഎൽ നിരക്ക് 3.9 രൂപയാണ്. സ്വകാര്യ നിരക്കുകള്‍ താങ്ങാനാകാത്ത വിധം വർധിപ്പിച്ചതും ബിഎസ്എൻഎല്ലിന്റെ 4ജി സംവിധാനം ഇടമുറിവില്ലാതെ കൂടുതൽ വിപുലീകരിച്ചതുമാണ് ഇപ്പോഴത്തെ നേട്ടത്തിന് പിന്നിൽ. നിലവിൽ കേരളത്തിൽ മാത്രം 1,500 ഓളം ടവറുകളിൽ 4ജി എത്തിക്കഴിഞ്ഞു. 

കേരളത്തിൽ കോടിക്കണക്കിന് ഉപഭോക്താക്കളുണ്ടായിരുന്ന ബിഎസ്എൻഎൽ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങി വരികയാണെന്ന് ബിഎസ്എൻഎൽ മാർക്കറ്റിങ് പ്രിൻസിപ്പൽ ജനറൽ മാനേജർ കെ സാജു ജോർജ് ജനയുഗത്തോട് പറഞ്ഞു. 5ജി സേവനവും കേരളത്തിൽ വൈകാതെ പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 500 ടവറുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. നിലവിൽ 7,000 ടവറുകളാണ് സംസ്ഥാനത്തുള്ളത്. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലെ ട്രൈബൽ മേഖലകളിൽ കൂടി ബിഎസ്എൻഎൽ വ്യാപിപ്പിക്കുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകും. ട്രൈബൽ മേഖലയിൽ ഉൾപ്പെട്ട നിലവിൽ 367 സൈറ്റുകളിൽ ബിഎസ്എൻഎൽ പ്രോജക്ട് പൂർത്തിയാക്കി കഴിഞ്ഞു.

ചിലയിടങ്ങളിൽ സിഗ്നൽ തകരാർ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്ന പരാതികളെല്ലാം പുതിയ വിപുലീകരണത്തോടെ പരിഹരിച്ച് വരികയാണ്. ഉപഭോക്താക്കളുടെ എണ്ണം കൂട്ടാൻ ബിഎസ്എൻഎൽ എക്സ്ചേഞ്ച് വഴിയും മറ്റും ഉപഭോക്താക്കൾക്ക് സിം ലഭ്യമാക്കാനുള്ള കാമ്പയിനുകൾ ജില്ലകൾ തോറും പുരോഗമിക്കുന്നു. അടുത്ത വർഷം ആദ്യം തന്നെ 5ജി സേവനം കൂടി ലഭ്യമാക്കുന്നതോടെ മറ്റ് കുത്തക ടെലികോം സേവന ദാതാക്കളുമായി ആരോഗ്യകരമായ വൻകിട മത്സരത്തിന് കൂടിയാണ് ബിഎസ്എൻഎൽ തയ്യാറെടുക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിന് മുമ്പ് രാജ്യത്ത് ആകമാനമായി ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുവാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 

Eng­lish Sum­ma­ry: ‘BSNL’ to old glory

You may also like this video

Exit mobile version