പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് പാർലമെന്ററി സമിതി. ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ അധ്യക്ഷനായ എസ്റ്റിമേറ്റ്സ് കമ്മിറ്റിയാണ് ബിഎസ്എൻഎല്ലിന്റെ സേവനങ്ങളിലെ കുറവുകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന മോശം നെറ്റ്‌വർക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ബിഎസ്എൻഎല്ലിനെതിരായ കമ്മിറ്റിയംഗങ്ങളുടെ വിമർശനം.
ടെലികോം സെക്രട്ടറി നീരജ് മിത്തൽ, ബിഎസ്എൻഎൽ സിഎംഡി റോബർട്ട് ജെ രവി അടക്കമുള്ള ഉന്നതരാണ് പാർലമെന്ററി സമിതി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. 4ജി, 5ജി രംഗത്ത് ബിഎസ്എൻഎല്ലിന്റെ ചുവടുവയ്പുകളെ കുറിച്ചായിരുന്നു പ്രധാന ചർച്ച. ഒരുഘട്ടത്തിൽ ടെലികോം വിപണി കയ്യടക്കിയിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ വെറും ഏഴ് ശതമാനത്തിന് അടുത്ത് മാത്രം മാർക്കറ്റ് ഷെയറുള്ള കമ്പനിയായി ചുരുങ്ങിയതിൽ എംപിമാർ ആശങ്ക അറിയിച്ചു.
ബിഎസ്എൻഎൽ പിന്നോട്ടുപോയപ്പോൾ സ്വകാര്യ ടെലികോം സേവനദാതാക്കൾ വിപണിയിൽ പിടിമുറുക്കുകയായിരുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അടക്കമുള്ള പ്രമുഖ സ്വകാര്യ ടെലികോം കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ബിഎസ്എന്‍എല്ലിന് കഴിഞ്ഞിരുന്നില്ല. 4ജി സ്പെക്ട്രം പോലും അനുവദിച്ചുനല്‍കാതെ പൊതുമേഖലാ സ്ഥാപനത്തെ ഞെരുക്കുന്ന സമീപനമായിരുന്നു ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോന്നിരുന്നത്.
എന്നാല്‍ സ്വകാര്യകമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ ഈയടുത്ത കാലത്ത് അതിശക്തമായ തിരിച്ചുവരവാണ് ബിഎസ്എൻഎൽ കാഴ്‌ചവയ്ക്കുന്നത്. 4ജിക്ക് പിന്നാലെ അതിവേഗം 5ജി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. ടാറ്റ കമ്പനികളായ ടിസിഎസ്, തേജസ് എന്നിവയുമായി സഹകരിച്ച് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലും, ഉപകരണങ്ങളിലുമാണ് ബിഎസ്എൻഎല്ലിന്റെ 4ജി, 5ജി സേവനങ്ങൾ. എന്നാല്‍ ഇത് പദ്ധതിയുടെ പൂര്‍ത്തീകരണം വൈകുന്നതിനിടയാക്കി.
അതേസമയം ആറ് മാസം കൊണ്ട് ബിഎസ്എൻഎല്ലിനെ മികവിലേക്ക് ഉയർത്തുമെന്നായിരുന്നു സമിതിക്ക് മുന്നില്‍ ബിഎസ്എന്‍എല്ലിന്റെ ഉറപ്പ്. 4ജി വിന്യാസം പൂര്‍ത്തിയാക്കി ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ ആറ് മാസം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയരുമെന്ന് പ്രതിനിധികൾ എംപിമാർക്ക് ഉറപ്പ് നൽകി. നിലവിൽ 35,000 മാത്രമുള്ള 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്തേണ്ടതുണ്ട്. അതേസമയം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് അറിയിച്ചത്, 2025 അവസാനത്തോടെയേ ഒരുലക്ഷം ടവര്‍ എന്ന ലക്ഷ്യം ബിഎസ്എന്‍എല്ലിന് കൈവരിക്കാന്‍ കഴിയൂ എന്നാണ്.