Site iconSite icon Janayugom Online

ബിഎസ്‌പി സ്ഥാനാര്‍ത്ഥിത്വം; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭര്‍ത്താവ് വീട് വിട്ടിറങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതോടെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭര്‍ത്താവ് വീടുവിട്ടിറങ്ങി. തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവരുടെയും തീരുമാനം. മധ്യപ്രദേശിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എ അനുഭ മുഞ്ചാരെയുടെ ഭര്‍ത്താവ് കങ്കര്‍ മുഞ്ചാരെ ബലാഘട്ട് മണ്ഡലത്തില്‍ നിന്നുള്ള ബിഎസ്‌പി ടിക്കറ്റ് ലഭിച്ചതോടെ വീട് മാറാന്‍ തീരുമാനിക്കുകയായിരുന്നു. 

കങ്കര്‍ മുഞ്ചാരെ നേരത്തെ എംപിയും എംഎല്‍എയുമായിട്ടുണ്ട്. 19ന് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വീട്ടില്‍ തിരിച്ചെത്തുക. ‘വെള്ളിയാഴ്ച ഞാന്‍ എന്റെ വീട്ടില്‍ നിന്നിറങ്ങി. ഡാമിന് അടുത്തുള്ള ഒരു കുടിലിലായിരിക്കും ഇനി താമസിക്കുക. വ്യത്യസ്ത പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു മേല്‍ക്കൂരയ്ക്ക് താമസിച്ചാല്‍ അത് ഒത്തുകളിയാണെന്ന് ജനം ചിന്തിക്കു‘മെന്ന് കങ്കര്‍ മുഞ്ചാരെ പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗൗരിശങ്കര്‍ ബൈസനെ പരാജയപ്പെടുത്തിയാണ് അനുഭ മുഞ്ചാരെ എംഎല്‍എ സ്ഥാനത്തെത്തിയത്. ഭര്‍ത്താവിന്റെ ഇപ്പോഴത്തെ നിലപാട് വേദനിപ്പിച്ചുവെന്ന് അനുഭ പറഞ്ഞു. 

കഴി‍ഞ്ഞ 33 വര്‍ഷമായി മകനോടൊപ്പം ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചുവരുന്നത്. ബലാഘട്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ഗോന്ദ്‌വാന ഗണതന്ത്ര പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. അന്നും ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് താമസിച്ചിരുന്നതെന്ന് അനുഭ പറഞ്ഞു. ബലാഘട്ടില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാമ്രാട്ട് സരസ്വതിന് എല്ലാ പിന്തുണയും നല്‍കുമെന്നും വിജയത്തിനായി അങ്ങേയറ്റം പരിശ്രമിക്കുമെന്നും അവര്‍ പറ‌ഞ്ഞു.

Eng­lish Sum­ma­ry: BSP Can­di­da­ture; Con­gress MLA’s hus­band left home
You may also like this video

Exit mobile version