Site iconSite icon Janayugom Online

കേരളത്തിന്റെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത ബജറ്റ്: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. നെൽ, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിയവയ്ക്ക് പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചില്ല. 

2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം നീക്കിവച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി — പട്ടികവർഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ് തുടങ്ങിയവയ്ക്കായുള്ള ചെലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപസ് ഫണ്ട് എന്നതിൽ ഇതാണ് തെളിയുന്നത്. 

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Bud­get that does not con­sid­er the needs and inter­ests of Ker­ala: Chief Minister

You may also like this video 

Exit mobile version