Site icon Janayugom Online

ബഫര്‍സോണ്‍: ഇളവ് നല്‍കുമെന്ന് സൂചന നല്‍കി സുപ്രീം കോടതി

ബഫര്‍സോണ്‍ ഉത്തരവില്‍ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഇളവ് അനുവദിച്ചേക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി  പരിഗണിച്ചത്. ബഫര്‍സോണ്‍ ഉത്തരവു ബാധകമാകുന്ന ഇടങ്ങളിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ബഫര്‍സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനകളാണ്  ബെഞ്ചില്‍ നിന്നും ഉണ്ടായത്.

അതേസമയം ഇളവുകള്‍ നല്‍കുന്നതിനൊപ്പം നിലവിലെ ചട്ടങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സംരക്ഷിത പ്രദേശങ്ങളില്‍ ബഫര്‍സോണ്‍ വേണമെന്ന ഉത്തരവ്, വാദത്തിനിടെ കേരളം എതിര്‍ത്തില്ല. പകരം ഈ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടാകണമെന്ന നിലപാടാണ് സ്വീകരിച്ചത്.

വനത്തിനുള്ളിലെ ആദിവാസികളുടെ താല്പര്യം സംരക്ഷിക്കുന്നതിനൊപ്പം അന്തിമ, കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച മേഖലകള്‍ക്ക് ഇളവു വേണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആശങ്കകളെ പൂര്‍ണമായി പിന്തുണച്ചുള്ള വാദമുഖമാണ് കേന്ദ്രം സ്വീകരിച്ചത്. രാജ്യത്തെ ഓരോ വന്യജീവി സങ്കേതത്തിന്റെയും സ്ഥിതി വ്യത്യസ്തമാണ്. ഒരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികള്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് കേന്ദ്രം അറിയിച്ചു.

Exit mobile version