Site iconSite icon Janayugom Online

കെട്ടിട നിർമാണം അവസാനഘട്ടത്തിൽ: മുഖച്ഛായ മാറ്റി ബാലുശ്ശേരി താലൂക്ക് ആശുപത്രി

ബാലുശ്ശേരി താലൂക്ക് ആശുപത്രി മുഖം മിനുക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 3167.29 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള ബഹുനില കെട്ടിടവും നിലവിലെ കെട്ടിടത്തിന് മുകളിൽ നിർമിച്ച വെർട്ടിക്കൽ ബ്ലോക്കുമാണ് ആശുപത്രിയുടെ മുഖച്ഛായ മാറ്റുക. 1.12 ഏക്കറിലാണ് ആശുപത്രിയുള്ളത്. 23 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പുതിയ കെട്ടിടത്തിന്റെ ബേസ്മെന്റിൽ കാർ പാർക്കിങ്, ഇലക്ട്രിക് റൂം തുടങ്ങിയവയാണ് ഉണ്ടാവുക. താഴത്തെ നിലയിൽ കാഷ്വാലിറ്റി, എക്സാമിനേഷൻ റൂം, ഡ്രസിങ്-ഇഞ്ചക്ഷൻ റൂം, മൈനർ ഓപറേഷൻ തിയേറ്റർ, റിക്കവറി, ജനറൽ സർജറി ഒപി, ജനറൽ ഒപി, പിഎംആർ ഒപി, കൺസൾട്ടിങ് റൂം, പ്ലാസ്റ്റർ റൂം, പോലീസ് കിയോസ്ക്, ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉള്ളത്. ഒന്നാം നിലയിൽ ഗൈനക്ക് ഒടി, സെപ്റ്റിക് ഒടി, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ബേബി പ്രിപ്പറേഷൻ റൂം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിശ്രമമുറി, ലേബർ വാർഡ്, എൻഐസിയു, പോസ്റ്റ് ഒപി ഐസിയു, പ്രീ നാറ്റൽ‑പോസ്റ്റ് നാറ്റൽ വാർഡുകൾ, അൾട്രാസൗണ്ട് റൂം, ഗൈനക് ഒപി എന്നിവയാണ് ഒരുക്കുന്നത്. 

രണ്ടാംനിലയിൽ ഓർത്തോ ഒടി, ജനറൽ സർജറി ഒടി, പ്രിപ്പറേഷൻ ഹോൾഡിങ് റൂം, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച്, ഡ്യൂട്ടി നഴ്‌സ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം, സർജിക്കൽ ഐസിയു, എംഐസിയു വാർഡ് എന്നിവയും മൂന്നാംനിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ എന്നിവയുമുണ്ട്. നിലവിലുള്ള കെട്ടിടത്തിന് മുകളിലായി പണിത വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാംനിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, എച്ച്ഡിയു (ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്) വാർഡുകൾ, സിഎസ്എസ്ഡി, ലബോറട്ടറി എന്നീ സൗകര്യങ്ങളാണുണ്ടാവുക. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടനിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതുതായി വരാൻ പോകുന്ന സൗകര്യങ്ങൾ മലയോര മേഖലയിലെയും ബാലുശ്ശേരിയിലെ മറ്റ് മേഖലയിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാൻ സഹായകരമാവുമെന്നും കെ എം സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. 

Exit mobile version