Site iconSite icon Janayugom Online

കാത്തിരിപ്പില്ലാതെ കെട്ടിട പെർമിറ്റ്; ആദ്യദിനം 11 അപേക്ഷകള്‍ പാസായി

അപേക്ഷിച്ചാലുടൻ കെട്ടിട‌ പെർമിറ്റ്‌ ലഭ്യമാക്കാനുള്ള തീരുമാനം നഗരസഭകളിൽ നടപ്പിലാക്കിത്തുടങ്ങി. ആദ്യദിനമായ ഏപ്രിൽ ഒന്നിന്‌ വന്ന 11 അപേക്ഷകളിലും പെർമിറ്റുകൾ അനുവദിച്ചു. പെർമിറ്റ്‌ ഫീസ്‌ അടച്ചയാളുകൾക്ക്‌ ശനിയാഴ്ച തന്നെ സിസ്റ്റം ജനറേറ്റഡ്‌ പെർമിറ്റ്‌ ഓൺലൈനിൽ ലഭ്യമാക്കി. മറ്റുള്ളവർക്ക്‌ ഫീസ്‌ അടച്ചാലുടൻ‌ പെർമിറ്റ്‌ ലഭ്യമാകും. തിരുവനന്തപുരം-എട്ട്, കണ്ണൂർ ‑രണ്ട്, കളമശേരി-ഒന്ന് എന്നിങ്ങനെയാണ്‌ ആദ്യ ദിനത്തിലെ അപേക്ഷകൾ. അവധിദിനമായിട്ടും ഞായറാഴ്ചയും ഓൺലൈനിൽ രണ്ട്‌ അപേക്ഷകളെത്തുകയും ഇവ രണ്ടും പാസാകുകയും ചെയ്തു. തിരുവനന്തപുരത്തും തൃശൂരിലുമാണ്‌ ഈ അപേക്ഷകൾ. ഫീസ്‌ അടയ്ക്കുന്നതിന്‌ അനുസരിച്ച്‌ ഇപെർമിറ്റും അപേക്ഷകന്റെ കയ്യിലെത്തും. 

പരിശോധനയും അനുമതിയും പൂർണമായും സിസ്റ്റം നിർവഹിക്കുന്നു എന്നതിനാൽ അവധി ദിനങ്ങളിലും പെർമിറ്റ്‌ ലഭിക്കാൻ തടസമുണ്ടാകുന്നില്ല. മാസങ്ങൾ കാത്ത്‌ നിന്ന് പെർമിറ്റ്‌ ലഭിച്ചിരുന്ന സ്ഥാനത്താണ്‌ അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ്‌ ലഭിച്ച്‌ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങൾ മാറുന്നത്‌.
വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്‌ കെട്ടിടനിർമ്മാണങ്ങൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയുമെന്ന് ആദ്യ ദിനം തന്നെ തെളിയിക്കുന്നത്.
അഴിമതിയുടെ സാധ്യതകളും ഈ സംവിധാനം ഇല്ലാതാക്കുന്നു. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സൂപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/എംപാനൽഡ് എന്‍ജിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്‌. ആവശ്യമായ പരിശോധന നടത്തിയ ശേഷം, ഫീസ്‌ അടയ്ക്കാൻ നിർദേശിക്കും. ഫീസ്‌ അടച്ചാൽ, അപേക്ഷ നൽകുന്ന ദിവസം പെർമിറ്റ് ലഭിച്ച്‌ നിർമ്മാണം ആരംഭിക്കാനാകും. 

Eng­lish Sum­ma­ry: Build­ing per­mit with­out wait­ing; 11 appli­ca­tions were passed on the first day

You may also like this video

Exit mobile version