Site iconSite icon Janayugom Online

യുപിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; പള്ളി പൊളിച്ചു നീക്കി

സുപ്രീം കോടതി വിലക്ക് ലംഘിച്ച് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. കയ്യേറ്റം ആരോപിച്ച് ഫത്തേപ്പൂരിലുള്ള 180 വര്‍ഷം പഴക്കമുള്ള നൂറി മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി. പളളി നിലനില്‍ക്കുന്നത് അനധികൃതമായാണെന്നും ബന്ദ‑ബഹ്‌റൈച്ച് ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഒരുഭാഗം പൊളിച്ചുമാറ്റിയതെന്നുമാണ് വിശദീകരണം. കനത്ത സുരക്ഷയിലാണ് അധികൃതര്‍ പള്ളിയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയത്.
ലാലൗലി നഗരത്തിലെ നൂറി മസ്ജിദ് 1839ല്‍ നിര്‍മ്മിച്ചതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956ല്‍ മാത്രം നിര്‍മ്മിച്ചതാണെന്നുമാണ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ അവകാശവാദം. പള്ളിയുടെ ഭാഗം പൊളിച്ചുമാറ്റണമെന്ന അധികൃതരുടെ നിര്‍ദേശത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജി ഡിസംബര്‍ 12ന് പരിഗണിക്കാനിരിക്കെയാണ് അധികൃരുടെ നടപടിയെന്നും മസ്ജിദ് മാനേജ് കമ്മിറ്റി പറഞ്ഞു. 

180 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളുടെ പട്ടികയില്‍ നൂറി മസ്ജിദും ഉള്‍പ്പെടുന്നുണ്ട്. പിന്‍ഭാഗം പൊളിക്കുന്നത് പള്ളിയുടെ മൊത്തം ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തങ്ങളുടെ വാദം ജില്ലാ ഭരണകൂടം കേട്ടില്ലെന്നും പള്ളിക്കമ്മിറ്റി അറിയിച്ചു. 

റോഡ് വീതി കൂട്ടുന്നതിന്റ ഭാഗമായി പള്ളി കയ്യേറിയ സ്ഥലം പൊളിച്ചുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് പള്ളി കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. റോഡ് വികസനത്തിനായി പള്ളി കയ്യേറിയ 20 മീറ്റര്‍ ഭാഗമാണ് തടസം നില്‍ക്കുന്നത്. അവര്‍ അത് പൊളിച്ചുമാറ്റാത്ത സാഹചര്യത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയതെന്നും ലാലൗലി പൊലീസ് ഓഫീസര്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം നടത്തിയിരുന്നു.

ഉത്തര്‍ പ്രദേശിലെ വാരാണസി, മഥുര എന്നിവിടങ്ങളിലെ പള്ളികളില്‍ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതിനിടെ സംഭാല്‍ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ആറ് പേരാണ് പൊലീസ് വെടിയേറ്റ് ഇവിടെ മരിച്ചത്. ഇതിന് പുറമെ മറ്റു ചില പള്ളികളിലും ഇപ്പോള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 

Exit mobile version