Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാജ്: യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യാജവിവരങ്ങള്‍

പ്രയാഗ്‌രാജില്‍ സാമൂഹിക പ്രവര്‍ത്തകന്റെ വീട് ഇടിച്ചുപൊളിക്കാന്‍ കാരണമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ പരാതിക്കാര്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്ന് കണ്ടെത്തല്‍. ‘മൊഹല്ലയിലെ ബഹുമാന്യരായ’ മൂന്നു പേരുടെ പരാതിയിലാണ് ഇടിച്ചുപൊളിക്കല്‍ നടത്തിയതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആദിത്യനാഥ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരാതി നല്‍കിയ മൂന്ന് വ്യക്തികളെയും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുഹമ്മദ് നബിക്കെതിരെയുള്ള ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പ്രയാഗ് രാജില്‍ ഇടിച്ചു പൊളിക്കല്‍ യജ്ഞം നടത്തിയത്. വെൽഫെയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദാണ് പ്രതിഷേധത്തിന് പിന്നിലെ സൂത്രധാരനെന്ന് പൊലീസ് ആരോപിച്ചിരുന്നു. 

‘മൊഹല്ലയിലെ ബഹുമാന്യരായ’ സാറഫ്രജ്, നൂര്‍ ആലം, മുഹമ്മദ് ആസം എന്നിവരുടെ പരാതിയിലാണ് ജാവേദിന്റെ വീട് ഇടിച്ചു പൊളിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ പേരുള്ള മൂന്നാളുകള്‍ ഇവിടെ ഇല്ലെന്നാണ് മൊഹല്ലയില്‍ താമസിക്കുന്നവര്‍ പറഞ്ഞത്. അതേസമയം നിരവധി ആളുകള്‍ സര്‍ക്കാരിനെ ഭയന്ന് പ്രതികരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Bull­doz­er Raj: Fake infor­ma­tion in UP Gov­t’s affidavit
You may also like this video

Exit mobile version