Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധം: ഗുവാഹട്ടി ഹൈക്കോടതി

ബുള്‍ഡോസര്‍ രാജിനെതിരെ കടുത്ത വിമര്‍ശനവുമായി ഗുവാഹട്ടി ഹൈക്കോടതി. തീവയ്പ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ ചിലരുടെ വീട് പൊലീസ് ഇടിച്ചുതകര്‍ത്തത് വേദനയുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.
അധികാരികൾ നടപടിക്രമങ്ങൾ പാലിക്കണമെന്നും അനുമതിയില്ലാതെ പൊലീസിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് രാം ഛയ്യ, ജസ്റ്റിസ് സൗമിത്ര സൈക്കിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. നഗോണില്‍ പൊലീസ് സ്റ്റേഷന്‍ തീയിട്ട കേസില്‍ ഉള്‍പ്പെട്ട ആളുടെ വീട് പൊളിച്ച സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 

ഇന്ത്യക്കാർ ഒരു ജനാധിപത്യ സംവിധാനത്തിലാണ് ജീവിക്കുന്നത്. പൊലീസിന്റെയോ ഭരണകൂടത്തിന്റെയോ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ മറവിൽ ആവശ്യമായ അനുമതിയില്ലാതെ ഒരാളുടെ വീട് ഇടിച്ചുനിരത്താന്‍ കഴിയില്ല. ഒരു ഉത്തരവുമില്ലാതെ പൊലീസിന് ബുൾഡോസർ പ്രയോഗിക്കാന്‍ കഴിയുമെന്നത് ഏതെങ്കിലും ക്രിമിനൽ നിയമത്തിൽ ഉണ്ടെങ്കില്‍ കാണിച്ചു തരാന്‍ ജസ്റ്റിസ് രാം ഛയ്യ ആവശ്യപ്പെട്ടു. വീടുകളില്‍ തിരച്ചില്‍ നടത്താന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ടായിരുന്നു എന്ന് നഗോണ്‍ പൊലീസ് സൂപ്രണ്ടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇടിച്ചുപൊളിക്കാനല്ല തിരച്ചില്‍ നടത്താനാണ് അനുമതി നല്‍കിയതെന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി. കേസ് തുടര്‍വാദത്തിനായി ഡിസംബര്‍ 12ലേക്ക് മാറ്റി. 

Eng­lish Sum­ma­ry: Bull­doz­er Raj ille­gal: Guwa­hati High Court

You may also like this video

Exit mobile version