Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാജില്‍ സുപ്രീം കോടതി നിയമം അനുസരിക്കണം

നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ ഇടിച്ചു നിരത്തല്‍ പാടുള്ളൂവെന്ന് യുപി സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ്. അടുത്തിടെ നടത്തിയ ഇടിച്ചുനിരത്തല്‍ മുനിസിപ്പല്‍ നിയമങ്ങള്‍ പാലിച്ചുള്ളതാണെന്ന് തെളിയിക്കാന്‍ കോടതി സര്‍ക്കാരിനു മൂന്നു ദിവസത്തെ സമയം അനുവദിച്ചു.

നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ ഇനിയുള്ള ഇടിച്ചു നിരത്തല്‍ പാടുള്ളൂവെന്ന് യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് പരിഗണിച്ചത്.

ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് എന്‍ഡിഎംസിക്ക് സുപ്രീം കോടതി ഏപ്രില്‍ 21ന് ഉത്തരവു നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഇടിച്ചു നിരത്തലില്‍ തല്‍സ്ഥിതി എന്നത് ബാധകമല്ല.

പ്രവാചക നിന്ദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ കെട്ടിടങ്ങളാണ് യുപി ഭരണകൂടം തകര്‍ക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടും. മുനിസിപ്പല്‍ നിയമങ്ങളും നിയമവാഴ്ചയും ലംഘിച്ചാണ് ഇത്തരം ഇടിച്ചു നിരത്തലെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സി യു സിങ് കോടതിയില്‍ വാദിച്ചു. ഇതോടെ നോട്ടീസ് നല്‍കാതെ ഇടിച്ചു നിരത്തല്‍ പാടില്ലെന്ന് ജസ്റ്റിസ് ബോപ്പണ്ണ നിരീക്ഷിച്ചു.
ഹര്‍ജിക്കാരുടെ വാദത്തെ യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എതിര്‍ത്തു.

പ്രയാഗ്‌രാജില്‍ കലാപം ഉണ്ടാകുന്നതിന് മുമ്പ് മേയ് മാസത്തില്‍ തന്നെ ഇടിച്ചു നിരത്തലിന് നോട്ടീസ് നല്‍കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ മൂന്നു ദിവസത്തെ സമയം വേണമെന്ന സാല്‍വേയുടെ ആവശ്യം കോടതി അംഗീകരിച്ചു.

എന്നാല്‍ ഇപ്പോള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല കോടതിക്കുണ്ട്. അതിന് സാധിക്കാത്തത് ഉചിതമല്ലെന്നും ജസ്റ്റിസ് ബോപ്പണ്ണ ഈ ഘട്ടത്തില്‍ വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.

Eng­lish summary;Bulldozer Raj must obey Supreme Court law

You may also like this video;

Exit mobile version