Site iconSite icon Janayugom Online

ജനക്ഷേമ പദ്ധതികള്‍ക്കെതിരെ വാളോങ്ങി ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം

EditorialEditorial

ക്കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സമുന്നത ബ്യൂറോക്രാറ്റുകളുമായി നാലുമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തുകയുണ്ടായി. മോഡി അധികാരത്തിൽ വന്ന 2014 മുതൽ തുടർന്നുവരുന്ന രീതിയുടെ തുടർച്ച ആയിരുന്നു അത്. അത്തരത്തിലുള്ള ഒമ്പതാമത്തെ യോഗം ആയിരുന്നു അത്. ഇത്തവണത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നത് ഉദ്യോഗസ്ഥ പ്രമാണിമാർ ചില സംസ്ഥാനങ്ങൾ നടപ്പാക്കിവരുന്ന ജനക്ഷേമ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രിക്കു നൽകിയ മുന്നറിയിപ്പുകളാണ്. സംസ്ഥാനങ്ങൾ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ അവയെ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും നയിക്കുമെന്നാണ് ആ മുന്നറിയിപ്പ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളുടെ പശ്ചാത്തലത്തിൽ അവർക്ക് ചില ആനുകൂല്യങ്ങളും സൗജന്യങ്ങളും അനുവദിച്ചു നൽകി പോരുന്നുണ്ട്. കർഷകർക്ക് വൈദ്യുതി ഇളവുകൾ അല്ലെങ്കിൽ സൗജന്യം, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങൾക്ക് സൗജന്യ വൈദ്യുതി, റേഷൻ, സൗജന്യ കുടിവെള്ളം, സൗജന്യ ആരോഗ്യ പരിരക്ഷ, ഡൽഹിയിലും ഇപ്പോൾ പഞ്ചാബിലും സ്ത്രീകൾക്ക് സൗജന്യ പൊതു ഗതാഗത യാത്ര, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തുടങ്ങിയവയാണ് അവയിൽ ചിലത്. സംസ്ഥാന സർക്കാരുകളുടെ അത്തരം ജനക്ഷേമകരമായ നടപടികളാണ് പട്ടിണിപ്പാവങ്ങളും ജീവിത ദുരിതങ്ങൾ പേറുന്ന സാധാരണക്കാരും ഉൾപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ വലിയ പൊട്ടിത്തെറികൾ കൂടാതെ മുന്നോട്ടുപോവാൻ നമ്മെ സഹായിക്കുന്നത്. അത്തരം ജനക്ഷേമ പദ്ധതികൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഉദ്യോഗസ്ഥ പ്രമാണിമാർ രാജ്യത്തെ വൻകിട കോര്‍പറേറ്റുകളെപ്പറ്റിയോ അവർ രാജ്യത്തിന്റെ സമ്പത്താകെ കയ്യടക്കുന്നതിനെപ്പറ്റിയോ യാതൊന്നും പറയാതെ നിശബ്ദത പാലിക്കുന്നത് ശ്രദ്ധേയമാണ്.

 


ഇതുകൂടി വായിക്കൂ: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും


 

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാര്യകാരണങ്ങളെപ്പറ്റി ഈ പംക്തി നേരത്തെ ചർച്ചചെയ്തിട്ടുള്ളതാണ്. ഒരു ദ്വീപുരാഷ്ടം എന്ന നിലയ്ക്ക് ശ്രീലങ്കയ്ക്ക് അതിന്റെതായ പരിമിതികൾ ഉണ്ട്. മിക്ക നിത്യോപയോഗ വസ്തുക്കൾക്കും അവർക്ക് മറ്റുരാജ്യങ്ങളെ ആശ്രയിച്ചേ മതിയാവു. അതിന് വിദേശ നാണ്യം കൂടിയേതീരൂ. ശ്രീലങ്ക നടപ്പാക്കിയ നികുതി പരിഷ്കാരം അവരുടെ ഖജനാവ് കാലിയാക്കി. മതിയായ തയാറെടുപ്പുകൂടാതെ സമ്പൂർണ ജൈവ കൃഷിയിലേക്കുള്ള മാറ്റം കൃഷിയെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോട് സ്വീകരിച്ച നിഷേധാത്മക നിലപാടും ആഗോള കടപ്പത്ര വിപണിയുടെ മേലുള്ള അമിത ആശ്രിതത്വവും പ്രതിസന്ധി രൂക്ഷമാക്കി. വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള താരതമ്യം അസ്ഥാനത്താണ്. ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന മുഖ്യപ്രശ്‍നം ഇവിടെ നിലനിൽക്കുന്ന വ്യാപകമായ സാമ്പത്തിക അനീതിയാണ്. അത് കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലും സംസ്ഥാനങ്ങളുടെ പാരസ്പര്യത്തിലും പ്രകടമാണ്. ജനങ്ങളുടെ സാമ്പത്തിക അവസ്ഥ പരിശോധിച്ചാൽ ലോകത്തെ ഏറ്റവും നീതിരഹിതമായ സമ്പദ്ഘടനകളിൽ ഒന്നാണ് ഇന്ത്യ. അത്തരം ഒരു രാജ്യം വൻ പൊട്ടിത്തെറികൾ കൂടാതെ നിലനിന്നുപോരുന്നത് പരിമിതമെങ്കിലും, അല്പം ചില ജനക്ഷേമ നടപടികളുടെ പിന്‍ബലത്തിലാണ്. കേന്ദ്രസർക്കാരിന്റെ മുഖ്യ വരുമാന സ്രോതസ് പട്ടിണിപ്പാവങ്ങൾ അടക്കം സാമാന്യ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു സമാഹരിക്കുന്ന പരോക്ഷ നികുതിയാണ്. ആ വരുമാനത്തിന്റെ ഒരു പങ്കാണ് ജനക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിച്ചു തടിച്ചുകൊഴുത്ത കോര്‍പറേറ്റുകൾക്കു ഓരോ വർഷവും നികുതി ഇളവുകൾ അടക്കം ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി: ഇന്ത്യക്കും കനത്ത വെല്ലുവിളി


 

തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതും വാഗ്ദാനങ്ങൾ നല്കുന്നതും പാവപ്പെട്ട മനുഷ്യരുടെ ജീവിത ക്ലേശം അകറ്റാൻ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതും വേറിട്ടുകാണാൻ ഉദ്യോഗസ്ഥർ അടക്കം നയരൂപീകരണത്തിന് നേതൃത്വം നല്കുന്നവർ തയാറാവണം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, സ്കൂൾകുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് നൽകിവരുന്ന സൗജന്യ വൈദ്യുതി എന്നിവ അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്താൻ മടിക്കുന്നവർ ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വമാണ്. അത് ശക്തിയുക്തം പ്രതിരോധിക്കപ്പെടേണ്ടതാണ്.

You may also like this video;

Exit mobile version