Site iconSite icon Janayugom Online

ജപ്പാനിൽ റബ്ബർ ഫാക്ടറിയിൽ കത്തിക്കുത്ത്; 14 പേർക്ക് പരിക്ക്, അക്രമി പൊലീസ് കസ്റ്റഡിയിൽ

ജപ്പാനിലെ ഷിസുവോക്ക പ്രവിശ്യയിലെ മിഷിമയിലുള്ള റബ്ബർ ഫാക്ടറിയിൽ ഉണ്ടായ കത്തിക്കുത്തിൽ 14 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച (ഡിസംബർ 26) വൈകുന്നേരം പ്രാദേശിക സമയം 4.30ഓടെയാണ് സംഭവം. ആക്രമണത്തിനിടെ അക്രമി ആളുകൾക്ക് നേരെ അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. മിഷിമയിലെ യോക്കോഹാമ റബ്ബർ കമ്പനിയുടെ പ്ലാന്റിലാണ് ആക്രമണം നടന്നത്. ട്രക്കുകൾക്കും ബസുകൾക്കുമുള്ള ടയറുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണിത്. കൈയ്യിൽ കരുതിയ കത്തിയുമായി ഫാക്ടറിയിൽ അതിക്രമിച്ചു കയറിയ അക്രമി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 14 പേരെയും ഉടൻ തന്നെ അത്യാഹിത വിഭാഗം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവർ എല്ലാവരും ബോധാവസ്ഥയിലാണെന്നും എന്നാൽ പരിക്കുകളുടെ സ്വഭാവം വ്യക്തമല്ലെന്നും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

സംഭവത്തിന് പിന്നാലെ അക്രമിയെ ഫാക്ടറിയിൽ വെച്ച് തന്നെ പൊലീസ് കീഴടക്കി. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ദ്രാവകം എന്താണെന്ന് കണ്ടെത്താനായി രാസപരിശോധന നടത്തിവരികയാണ്. 

Exit mobile version